കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ‘പയനിയര്‍’ പുരസ്കാരത്തിന് ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ അര്‍ഹനായി. വെള്ളിയാഴ്ച്ച അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ സുനില്‍ ട്രൈസ്റ്റാര്‍, ഷിജോ പൗലോസ്, പ്രതാപ് നായര്‍, രാജു പള്ളത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജന്മഭൂമിയില് കായിക ലേഖകനായി മാധ്യമ രംഗത്തെത്തിയ പി. ശ്രീകുമാര്‍ നിരവധി ദേശീയ, അന്തര്‍ദേശീയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളം ചര്‍ച്ച ചെയ്ത നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്ന ശ്രീകുമാറിന്റെ വസ്തുതാപരമായ റിപ്പോര്‍ട്ടുകള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. വത്തിക്കാനില്‍ നടന്ന ലോകമത സമ്മേളനത്തില്‍ പങ്കെടുത്ത ഏക മാധ്യമ പ്രതിനിധിയായിരുന്നു.
ജന്മഭൂമിയുടെ തിരുവനന്തപുരം, ന്യൂഡല്‍ഹി ബ്യൂറോ ചീഫ്, പ്രത്യേക ലേഖകന്‍, ന്യൂസ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള പി. ശ്രീകുമാര്‍ ഇപ്പോൾ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്ററാണ്.
അമേരിക്ക, യു.എ.ഇ., ഓസ്ട്രേലിയ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ശ്രീകുമാറിന്റെ യാത്രാവിവരണങ്ങള്‍ മികച്ച അനുഭവം നല്കുന്നു.
‘അമേരിക്ക കാഴ്ചയ്ക്കപ്പുറം’, ‘അമേരിക്കയിലും തരംഗമായി മോദി’, ‘മോദിയുടെ മനസ്സിലുള്ളത്’, ‘പി. ടി. ഉഷ മുതല്‍ പി. പരമേശ്വരന് വരെ’, ‘പ്രസ് ഗാലറി കണ്ടസഭ’, ‘മോഹന്‍ലാലും കൂട്ടുകാരും’, ‘അയോധ്യ മുതല്‍ രാമേശ്വരം വരെ’, ‘പൊന്നുഷസ’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
ബാലാവകാശം സംബന്ധിച്ച പഠനത്തിന് യുണിസെഫ് ഫെലോഷിപ്പ്, ആധുനിക കേരളത്തിന്റെ സമരചരിത്ര രചനയ്ക്കുള്ള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പ് എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ശ്രീകുമാര്‍, ചാനല്‍ ചര്‍ച്ചകളില്‍ വിഷയങ്ങള്‍ ദേശീയ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന സംവാദകനുമാണ്.
കേരള മാധ്യമപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമിതി അംഗം, കേസരി ട്രസ്റ്റ് ട്രഷറര്‍, ബി.ജെ.പി. മീഡിയ സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യകാല വായനശാലയായ വഞ്ചിയൂര്‍ ശ്രീചിത്തിര ഗ്രന്ഥശാലയുടെ ജോയിന്റ് സെക്രട്ടറി, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കേരള കോര്‍ഡിനേറ്റര്‍, ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
കേരള സര്‍വകലാശാല സെനറ്റില്‍ കേരള ഗവര്‍ണറുടെ പ്രതിനിധിയായി നിയമിക്കപ്പെട്ടു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗമാണ്. കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശി. അഭിഭാഷകയായ എസ്. ശ്രീകലയാണ് ഭാര്യ. ഗായത്രിയും ഗോപികയും മക്കളാണ്.
മൂന്നു പതിറ്റാണ്ടിലേറെ മാധ്യമ രംഗത്ത് സജീവമായവര്‍ക്ക് നല്കുന്ന ആദരവാണ് ‘പയനിയര്‍’ പുരസ്കാരം. ജനം എക്സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍, കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്, ഏഷ്യാനെറ്റ് വിഎഫ്എക്സ് സ്പെഷ്യലിസ്റ്റ് പേഴ്സി ജോസഫ്, മീഡിയ അക്കാദമി ഡയറക്ടര്‍ സി.എല്‍. തോമസ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്, ആദ്യ അമേരിക്കന്‍ ന്യൂസ് പേപ്പര്‍ ‘പ്രഭാതം’ ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ്ജ് മരംഗോളി എന്നിവരെയും ‘പയനിയര്‍’ പുരസ്കാരം നല്കി ആദരിക്കും.
‘മാധ്യമശ്രീ’ പുരസ്ക്കാരത്തിന് ന്യൂസ് 24 ചീഫ് എഡിറ്റര്‍ ആര്. ശ്രീകണ്ഠന് നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റര്‍ ധന്യാ രാജേന്ദ്രന് ‘മാധ്യമ രത്ന’ അവാര്‍ഡിനും അര്‍ഹരായി.
കെ.ജി. കമലേഷ് (ഏഷ്യാനെറ്റ്), രഞ്ജിത് രാമചന്ദ്രന് (ന്യൂസ് 18), മാതു സജി (മാതൃഭൂമി ന്യൂസ്), അപര്‍ണ. യു (റിപ്പോര്‍ട്ടര്‍ ടിവി), ടോം കുര്യാക്കോസ് (ന്യൂസ് 18), സിന്ധുകുമാര്‍ (മനോരമ ന്യൂസ്), ലിബിന് ബാഹുലേയന് (ഏഷ്യാനെറ്റ്), അജി പുഷ്ക്കര്‍ (റിപ്പോര്‍ട്ടര്‍ ടിവി), സെര്‍ജോ വിജയരാജ് (ഏഷ്യാനെറ്റ്), ഷില്ലര്‍ സ്റ്റീഫന്‍ (മലയാള മനോരമ), എ.ആര്. സുന്ദര്‍ദാസ് (കേരള കൗമുദി), ഗോകുല്‍ വേണു ഗോപാല്‍ (ജനം ടിവി), അമൃത എ.യു (മാതൃഭൂമി ഓണ്‍ലൈന്‍), ആര്.ജെ. ഫസലു (എ.ആര്.എന്‍ ന്യൂസ്), മനീഷ് നാരായണന് (ദ ക്യൂ) എന്നിവര്‍ക്കാണ് ‘മീഡിയ എക്സലന്‍സ്’ അവാര്‍ഡുകള്‍.
ബി. അഭിജിത്ത് (എസിവി), രാജേഷ് ആര്. നാഥ് (ഫ്ളവേഴ്സ് ടിവി) എന്നിവര്‍ക്ക് പ്രത്യേക ജൂറി അവാര്‍ഡ് നല്‍കും. മികച്ച പ്രസ് ക്ലബ്ബിനുള്ള പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബ്ബിനു നല്‍കും. മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബുവിന് പ്രത്യേക ആദരവ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: