മലപ്പുറം: കാട്ടാനയാക്രമണത്തിൽ വനവാസി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച് നടത്തിയത്.
ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി വി അൻവർ കുറ്റപ്പെടുത്തി. മണി എന്ന യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി.
ഇന്നലെ വൈകിട്ട 6.45ഓടെയാണ് നിലമ്പൂര്‍ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) കൊല്ലപ്പെട്ടത്. കാട്ടാന ആക്രമിച്ചപ്പോള്‍ മണിയുടെ കയ്യിൽ കുഞ്ഞുണ്ടായിരുന്നു. അത്ഭുതകരമായാണ് അഞ്ചു വയസുകാരൻ രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മണിയുടെ മകൻ മനുകൃഷ്ണ ആണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ പട്ടികവർഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെയാണ് മണി കാട്ടാനയുടെ മുന്നിൽ പെടുന്നത്. ആക്രമണത്തിന് ശേഷം അവശനിലയിൽ കിടന്ന മണിയ ഒന്നര കിലോമീറ്ററോളം ചുമന്ന് കന്നകൈ എത്തിച്ച് പിന്നീട് ജീപ്പിൽ നെടുങ്കയത്ത് എത്തിച്ച ശേഷമാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാനായത്.
അതേ സമയം വന്യജീവി ആക്രമണം മലയോര മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ ഉത്ക്കണ്ഠയോടെയാണ് സർക്കാർ കാണുന്നതെന്ന് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ രാവിലെ പറഞ്ഞു. കൂടാതെ വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്നുവെന്നത് വസ്തുതയുടെ അടിസ്ഥാനത്തിൽ ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: