കോട്ടയം: സിപിഎം കേന്ദ്രം കമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ പ്രസാധകരായ ഡിസി ബുക്‌സിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ഡിസി ബുക്‌സിലെ പബ്ലിക്കേഷന്‍ ചുമതലക്കാരന്‍ എ വി ശ്രീകുമാറാണ് ഒന്നാം പ്രതി. ഇദ്ദേഹമാണ് ആത്മകഥ ചോര്‍ത്തി ചാനലിനു നല്‍കിയതെന്ന കോട്ടയം എസ്പിയുടെ അന്വേഷണറിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇ പിയോ പ്രസാധക സ്ഥാപനമോ പരാതി നല്‍കിയാല്‍ മാത്രമേ കേസെടുക്കൂ എന്ന് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മുന്‍ പബ്ലിക്കേഷന്‍ ചുമതലക്കാരന്‌റെ ഇമെയിലില്‍ നിന്നതാണ് ആത്മകഥയുടെ ഭാഗങ്ങള്‍ പുറത്തു പോയതെന്നാണ് മൊഴി . ഇ. പി. ജയരാജന്‍ ആത്മകഥ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചിരുന്ന ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ് രഘുനാഥില്‍ നിന്ന് കുറിപ്പുകള്‍ വാങ്ങിയ ശേഷം വിവാദ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുവെന്നും പൊലീസ് പറയുന്നു. കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലുള്ള ആത്മകഥ നവംബറില്‍ വയനാട് , ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലാണ് പുറത്തുവന്നത്. എന്നാല്‍ ഇതില്‍ പറയുന്ന വിവാദ ഭാഗങ്ങള്‍ ഇ പി ജയരാജന്‍ നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: