മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് എം ടി വാസുദേവന്‍നായര്‍ പൂര്‍ണജീവിതത്തിനു ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. 90 വയസ്സ് കഴിഞ്ഞ എം ടിയുടെ കാലവും നാലുകെട്ടും രണ്ടാമൂഴവും വാരാണസിയും മഞ്ഞും അടക്കമുള്ള കൃതികള്‍ ഇന്നും മലയാളികളെ ത്രസിപ്പിക്കുന്നുണ്ട്. അടുത്തിടെ നടന്ന പുസ്തകോത്സവ സര്‍വേകളില്‍പ്പോലും മലയാളികള്‍ ഇന്നും നെഞ്ചിലേറ്റി ആരാധിക്കുന്ന എഴുത്തുകാരന് എംടിയായിരുന്നു. അതുകൊണ്ടുതന്നെ എംടിക്ക് ഉചിതമായ സ്മാരകം ഒരുക്കണം എന്നകാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമോ രണ്ട് പക്ഷമോ ഇല്ല. പക്ഷേ, തുഞ്ചന്‍ സ്മാരകത്തില്‍ എംടിക്ക് സ്മാരകം ഒരുക്കണമെന്ന മന്ത്രി അബ്ദുറഹ്മാന്റെ വാദത്തോടും അഭിപ്രായത്തോടും മലയാളഭാഷയെ സ്നേഹിക്കുന്ന, എം ടിയെ സ്നേഹിക്കുന്ന ആര്‍ക്കും യോജിക്കാനാവില്ല. ഭാഷാ പിതാവ് എം ടി അല്ല. തുഞ്ചത്ത് എഴുത്തച്ഛന് തന്നെയാണ്.
എഴുത്തച്ഛന് തുഞ്ചന്‍പറമ്പില്‍ സ്മാരകം ഒരുക്കിയത്, ആചാര്യനും ആ സ്ഥലവും തമ്മിലുള്ള അഭേദ്യ ബന്ധം കാരണമാണ്. തുഞ്ചന്‍കൃതികള്‍ എഴുതാന്‍ ആചാര്യന് ഉപയോഗിച്ചതെന്നു വിശ്വസിക്കപ്പെടുന്ന നാരായം മുതല്‍ അദ്ദേഹത്തിന്റെ ആരാധനാമൂര്‍ത്തിയായ സരസ്വതിക്ഷേത്രം വരെ ഉള്ള തുഞ്ചന്‍പറമ്പില്‍ അദ്ദേഹത്തിനായി ഒരുക്കിയ സ്മാരകത്തില്‍ എങ്ങനെയാണ് എംടിക്ക് ആണെങ്കില്‍പ്പോലും വീണ്ടും ഒരു സ്മാരകം കൂടിയൊരുക്കുക? തുഞ്ചത്താചാര്യന്റെ സ്മാരകം എന്നനിലയില്‍ തുഞ്ചന്‍പറമ്പ് ഏറ്റെടുത്തിട്ടും പ്രതിമ ഒരുക്കിയിട്ടും കാലമേറെയായി. പക്ഷേ, ഇസ്ലാമിക മതമൗലികവാദികളുടെ എതിര്‍പ്പ് കാരണം അവിടെ പ്രതിമ സ്ഥാപിക്കാന്‍ കഴിയുന്നില്ല. ദശാബ്ദങ്ങളായി എം.ടി. വാസുദേവന്‍നായരാണ് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ, ഇതുവരെ തുഞ്ചന്റെ കാലത്തുണ്ടായിരുന്ന രീതിയില്‍ സരസ്വതിദേവിയെയും ക്ഷേത്രത്തെയും പുനര്‍നിര്‍മ്മിക്കാനോ തുഞ്ചന്‍ സ്മാരകം അദ്ദേഹത്തിന്റെ പ്രതിമയോടെ, ഉചിതമായ ഗരിമയോടെ സജ്ജമാക്കാനോ എംടി തയ്യാറായില്ല.
സ്ഥാനം നല്കിയ രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദത്തിനോ പ്രേരണയ്ക്കോ അദ്ദേഹം വശംവദനായിരിക്കാം. തുഞ്ചന്‍ സ്മാരകത്തില്‍നിന്ന് സരസ്വതിയെയും നാരായത്തെയും ഒഴിവാക്കി എംടിയുടെ സ്മാരകമാക്കി മാറ്റിയാല്‍ സാംസ്കാരികകേന്ദ്രം എന്നനിലയില്‍ അത് കൈയാളാനും ഒരു ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍നിന്ന് മാറ്റിയെടുക്കാനും എളുപ്പമാണെന്ന പൊളിറ്റിക്കല്‍ ഇസ്ലാം ബുദ്ധിയാണ് മന്ത്രി അബ്ദുറഹ്മാന് പ്രയോഗിച്ചത്. അക്കാര്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യപ്പെടും.
പുന്നക്കല്‍ കുട്ടിശങ്കരന് നായര്‍, എസ.് കെ. പൊറ്റക്കാട്, കെ. പി. കേശവമേനോന് തുടങ്ങിയവരൊക്കെ തുഞ്ചന്‍ സ്മാരകസമിതിയുടെ സാരഥ്യത്തില്‍ തുഞ്ചന്‍ സ്മാരകത്തിനുവേണ്ടി ഏറെ ശ്രമിച്ചവരാണ്. അവരുടെയൊക്കെ ഛായാചിത്രങ്ങള്‍ തുഞ്ചന്‍ സ്മാരകത്തിലുണ്ട്. തുഞ്ചന്‍ ട്രസ്റ്റിന്റെ അധ്യക്ഷസ്ഥാനം വഹിച്ച എം.ടി. വാസുദേവന്‍നായരുടെ ചിത്രം അവര്‍ക്കൊപ്പം വയ്ക്കുന്നതില്‍ യാതൊരു തെറ്റുമില്ല. മലയാളത്തിലെ ഏറ്റവും ലബ്ധപ്രതിഷ്ഠനായ സാഹിത്യകാരന് എന്നനിലയില്‍ കലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് എംടിയുടെ പേര് നല്‍കുന്നതിലോ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി തുഞ്ചന്‍ സര്‍വകലാശാലയില്‍ പ്രത്യേക ഗവേഷണവിഭാഗം ആരംഭിക്കുന്നതിലോ ഒന്നും തെറ്റില്ല. മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകത്തിനുള്ളില്‍ വീണ്ടും സ്മാരകം ഉണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള പൊളിറ്റിക്കല്‍ ഇസ്ലാമക ശക്തികളുടെ ശ്രമത്തെ തീര്‍ച്ചയായും നേരിടാന്‍ ശബരിമല കാലത്തെപ്പോലെ ഭക്തര്‍ രംഗത്തിറങ്ങേണ്ടിവരും. മന്ത്രി അബ്ദുറഹ്മാന് മലയാളഭാഷയോട് ആദരവുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുകയാണ്. മതേതര മുഖം ഉണ്ടെന്ന് അവകാശപ്പെടുകയും അതിന്റെ പേരില്‍ നാഴികയ്ക്ക് 40 വട്ടം ആണയിടുകയും ചെയ്യുന്ന പിണറായിയും എംവി ഗോവിന്ദനും അബ്ദുറഹ്മാനും ആര്‍ജ്ജവം ഉണ്ടെങ്കില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കട്ടെ.
വിഗ്രഹങ്ങളും പ്രതിമകളും ഇസ്ലാമിന് ഹറാമാണ് എന്നതുകൊണ്ട് മാത്രം ഭാരതം പോലെയുള്ള ജനാധിപത്യ മതേതര രാജ്യത്തില്‍ പ്രതിമ സ്ഥാപിക്കില്ലെന്ന് ശഠിക്കുന്നത് എന്ത് ശരീഅത്തിന്റെ പേരിലാണെങ്കിലും നിയമവിരുദ്ധം മാത്രമല്ല, പോക്കണംകേട് കൂടിയാണ്.
നേരത്തെ ഒരു തുഞ്ചന്‍ പ്രതിമ തകര്‍ത്തതാണ്. മലപ്പുറം കോട്ടയ്ക്കല്‍ സൂകൂളില്‍ ഒ.വി. വിജയന്റെ പ്രതിമ സ്ഥാപിച്ചിട്ട് അതും തകര്‍ത്തു. ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്ലാം ഇതര സമുദായങ്ങള്‍ക്ക്, അവരുടെ വിശ്വാസങ്ങള്‍ക്ക്, അഭിപ്രായങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് എങ്ങനെയാണ്? കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് അറിയാന്‍ കൗതുകമുണ്ട്. തിരൂരിലെ തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായിരിക്കെ തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കില്ലെന്ന് എംടി തന്നെ തീരുമാനമെടുപ്പിച്ച് ഉറപ്പു കൊടുത്തത് തിരൂര്‍ ദിനേശ് അടക്കമുള്ളവര്‍ വ്യക്തമാക്കുമ്പോള്‍ അത് വിശ്വസിക്കാതിരിക്കാനാവില്ല. പണ്ട് മാതൃഭൂമിയുടെ ഇടനാഴികളില്‍ എംടി കഥാപാത്രമായ സുമിത്രയുടെ വിഖ്യാതമായ വാക്യം ‘സേതുവിന് സേതുവിനോട് മാത്രമാണ് സ്നേഹം’ എന്നത് പാരഡിയായി ‘വാസുവിന് വാസുവിനോട് മാത്രമാണ് സ്നേഹം’ എന്നുകേട്ടിരുന്നത് ഓര്‍മ്മിക്കുന്നു. അതുകൊണ്ടുതന്നെയായിരിക്കണം തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ അവിടെ സ്ഥാപിക്കില്ലെന്ന് ഉറപ്പാക്കാന്‍ എംടി ശ്രമിച്ചതും.
മരിച്ചവരെക്കുറിച്ച് നല്ലത് മാത്രമേ പറയാവൂ. അതുകൊണ്ടുതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വന്ന എംടിയുടെ വ്യക്തിജീവിതത്തെ കുറിച്ചോ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതകഥയെക്കുറിച്ചോ ഒന്നും പരാമര്‍ശിക്കുന്നില്ല. എഴുത്തുകാരന് എന്നനിലയില്‍ വാക്കുകള്‍കൊണ്ട് എംടി സൃഷ്ടിച്ച മാസ്മരിക ലോകം തന്നെയാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്മാരകം. മലയാളികള്‍ നെഞ്ചിലേറ്റിയ ആ എഴുത്തുകാരന്റെ സ്മാരകത്തിന്റെ പേരില്‍ വിവാദം സൃഷ്ടിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതം സാമൂഹ്യമാധ്യമങ്ങളില്‍ വലിച്ചുകീറുന്നതും ശരിയായ പ്രവണതയല്ല. പക്ഷേ, ഭാഷാപിതാവായ എഴുത്തച്ഛന്റെ മുകളില്‍ എംടിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ അതിലെ അനൗചിത്യം ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.
എഴുത്തുകാരന് എന്ന നിലയില്‍ സംസ്കാരത്തെയും മൂല്യങ്ങളെയും പൊതുജീവിതത്തില്‍നിന്ന് ജീര്‍ണ്ണതയിലേക്ക് തകര്‍ത്തെറിയാന്‍ എംടി പങ്കുവഹിച്ചു എന്ന ആരോപണം പൊതുസമൂഹത്തിലുണ്ട്. അത് നിരാകരിക്കാനാവില്ല. നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാട് മുതല്‍ ഉണ്ണിയാര്‍ച്ച വരെ നിരവധി കഥാപാത്രങ്ങളെ ഈ രീതിയില്‍ രൂപപ്പെടുത്തിയത് ഇപ്പോഴും വിമര്‍ശനവിധേയമാണ്. അതിനെ ആവിഷ്കാര സ്വാതന്ത്ര്യം എന്നുപറഞ്ഞു തലയൂരാനാകില്ല. കാരണം, അതേ എംടി പിന്നീട് ഉത്സുകനായ ഭക്തനിലേക്കും വിശ്വാസിയിലേക്കും ദേവീചൈതന്യത്തിന്റെ അനുഭൂതിയിലേക്കും ലയിച്ചിറങ്ങുന്നത് നമ്മള് കണ്ടു. അതേസമയം ആവിഷ്കാരത്തിന്റെ പേരില്‍ അദ്ദേഹം കോറിയിട്ട വാക്കുകള്‍ തലമുറകളെ വഴിതെറ്റിക്കുന്നു എന്ന് ആരോപണം തള്ളാനുമാവില്ല. അദ്ദേഹത്തിന്റെ സംഭാവനകളെ കാലം വിലയിരുത്തട്ടെ. പക്ഷേ, അതിന്റെ പേരില്‍ മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകം എംടിയുടെ സ്മാരകമാക്കി മാറ്റണമെന്ന മന്ത്രി അബ്ദുറഹ്മാന്റെ അഭിപ്രായം മിതമായ ഭാഷയില്‍ അപക്വം എന്നേ പറയാനാകൂ.
എംടി തന്നെ പറഞ്ഞിട്ടുണ്ട്, സ്നേഹത്തിനെയും വെറുപ്പിനെയും വേര്‍തിരിക്കുന്ന വേലിക്കെട്ട് തീരെ നേര്‍ത്തതാണ് എന്ന്. തുഞ്ചന്‍പറമ്പില്‍ സ്മാരകം ഒരുക്കാന്‍ സര്‍ക്കാരും പൊളിറ്റിക്കല്‍ ഇസ്ലാമും നടത്തുന്ന ശ്രമങ്ങള്‍, എംടിയോടുള്ള സ്നേഹാദരങ്ങള്‍ വെറുപ്പിലേക്ക് മാറ്റാനും അതിശക്തമായ എതിര്‍പ്പിനും മാത്രമായിരിക്കും വഴിവെക്കുക. എംടിക്ക് ഉചിതമായ സ്മാരകം വേണം. അക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. പക്ഷേ, അത് തുഞ്ചന്‍പറമ്പില്‍ ആകരുത് കൂടല്ലൂരിലോ കോഴിക്കോട്ടോ ആകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: