ന്യൂദല്‍ഹി: ഡോ. മന്‍മോഹന്‍സിങ്ങിന്റെ ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ പങ്കെടുക്കാതെ നെഹ്റു കുടുംബാംഗങ്ങള്‍ വീണ്ടും മുന്‍ പ്രധാനമന്ത്രിയെ അപമാനിച്ചു. ഇന്നലെ പഴയ ദല്‍ഹിയിലെ യമുനാ തീരത്ത് നടന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നെഹ്റു കുടുംബാംഗങ്ങളും മല്ലികാര്‍ജ്ജുന ഖാര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളും പങ്കെടുത്തില്ല.
ശനിയാഴ്ച സംസ്ക്കാര ചടങ്ങുകള്‍ നടന്ന നിഗംബോധ് ഘാട്ടില്‍ നിന്ന് ചിതാഭസ്മം എടുക്കുമ്പോഴും പിന്നീട് നിമജ്ജനം ചെയ്യുമ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ അസാന്നിധ്യം വ്യക്തമായി. മന്‍മോഹന്‍സിങ് മരിച്ചതിന് തൊട്ടുപിന്നാലെ, സ്മാരകം നിര്‍മിക്കാന്‍ സ്ഥലം നല്‍കിയില്ലെന്ന വ്യാജ ആരോപണം ഉന്നയിച്ച് രാഷ്ട്രീയ നാടകം കളിച്ച് അപമാനിച്ച കോണ്‍ഗ്രസുകാര്‍ക്ക് മുന്‍പ്രധാനമന്ത്രിയോട് എത്രത്തോളം ബഹുമാനമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് യമുനാ തീരത്ത് കണ്ടത്.
അതിനിടെ മന്‍മോഹന്‍സിങ്ങിന്റെ സംസ്കാര ചടങ്ങുകള്‍ ക്രമീകരിച്ച സൈന്യത്തിനെതിരെയും കോണ്‍ഗ്രസ് രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം അഴിച്ചുവിട്ടു. മന്‍മോഹന്‍സിങിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇരിപ്പിടം നല്‍കിയില്ലെന്നും ചടങ്ങിലേക്ക് പ്രവേശിപ്പിച്ചില്ലെന്നും കോണ്‍ഗ്രസ് വക്താവ് പവന് ഖേര ഇന്നലെ ആരോപിച്ചു. ചടങ്ങുകളുടെ ചുമതല സൈന്യത്തിനായിരുന്നു. ഇരിപ്പിടങ്ങളടക്കം ക്രമീകരിച്ചത് സൈന്യവും ദല്‍ഹി പോലീസുമായിരുന്നു. സ്വകാര്യ ചാനലുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയില്ലെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു. ദേശീയ ചടങ്ങായി നടത്തിയതിനാലാണ് ദൂരദര്ശന് മാത്രമായി അനുമതി ലഭിച്ചത്. ദൂരദര്‍ശന്റെ ദൃശ്യങ്ങള്‍ സൗജന്യമായി എല്ലാ ചാനലുകള്‍ക്കും നല്‍കുകയായിരുന്നു. മന്‍മോഹന്‍സിങ്ങിന്റെ കുടുംബാംഗങ്ങള്‍ക്കായി മുന്‍നിരയില്‍ അഞ്ചു സീറ്റുകളാണ് നല്‍കിയത്. അദ്ദേഹത്തിന്റെ പത്നിക്കും മൂന്നു മക്കള്‍ക്കും ഇരിപ്പിടമുണ്ടായിരുന്നു.
ബാക്കിയുള്ള 20 സീറ്റുകള്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ക്കായി നല്കി. രാഷ്ട്രപതിയും ഭൂട്ടാന് രാജാവും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും കാബിനറ്റ് മന്ത്രിമാരും, പ്രതിപക്ഷ നേതാക്കളും സൈനിക മേധാവിമാരുമാണ് മുന്‍നിരയില്‍ ഇരുന്നത്. രണ്ടാം നിരയില്‍ എട്ടു സീറ്റുകള്‍ മന്‍മോഹന്‍സിങ്ങിന്റെ കുടുംബാംഗങ്ങള്‍ക്കായി നല്കി. മൂന്നും നാലും നിരയിലെ എല്ലാ ഇരിപ്പിടങ്ങളും കുടുംബാംഗങ്ങള്‍ക്കാണ് നല്‍കിയത്. ഡോ. മന്‍മോഹന്‍സിങ്ങിന്റെ സ്മാരകത്തിനായി പ്രത്യേക സ്ഥലം കണ്ടെത്തി കേന്ദ്രസര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: