ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി. ദല്‍ഹിയുമായി ഏറ്റുമുട്ടിയ കേരളം 29 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തു. കേരളത്തിന്റെ മറുപടി 42.2 ഓവറില്‍ 229 റണ്‍സില്‍ ഒടുങ്ങി.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്കായി മധ്യനിര ബാറ്റര്‍മാരായ ക്യാപ്റ്റന്‍ ആയുഷ് ബദോനി(56), അനൂജ് റാവത്ത്(58), സുമിത് മാഥൂര്‍(48) എന്നിവരുടെ മികവിലാണ് 250ന് മേലുള്ള ടോട്ടല്‍ കണ്ടെത്താന്‍ സാധിച്ചത്. കേരളത്തിനായി ഷറഫുദ്ദീന് രണ്ടും ബേസില്‍ തമ്പിയും ജലജ് സക്സേനയും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ജലജ് സക്സേനയും ഷോണ്‍ റോജറും അക്കൗണ്ട് തുറക്കാതെ മടങ്ങി. ഒരറ്റത്ത് ഉറച്ച് നിന്ന രോഹന് കുന്നുമ്മല്‍ 39 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്തു. എന്നാല്‍ രോഹനും അഹ്മദ് ഇമ്രാനും അടുത്തടുത്ത ഇടവേളകളില്‍ മടങ്ങിയതോടെ നാല് വിക്കറ്റിന് 70 റണ്‍സെന്ന നിലയില്‍ കിതയ്ക്കാന്‍ തുടങ്ങി. ആറാമനായി ക്രീസിലെത്തിയ അബ്ദുള്‍ ബാസിദിന്റെ ഉജ്ജ്വല ഇന്നിങ്സ് പ്രതീക്ഷ നല്കി. ആദിത്യ സര്‍വാടെയ്ക്കൊപ്പം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അബ്ദുള്‍ ബാസിദ് സല്മാന് നിസാറിനൊപ്പം 100 റണ്‍സും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്കോര്‍ 228ല്‍ നില്‍ക്കെ സല്മാന് നിസാര്‍ പുറത്തായത് തിരിച്ചടിയായി.
ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഷറഫുദ്ദീനും അബ്ദുള്‍ ബാസിദും(90) കൂടി മടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ദല്‍ഹിക്ക് വേണ്ടി ഇഷാന് ശര്‍മ്മ മൂന്നും പ്രിന്‍സ് യാദവ്, ഹൃദിക് ഷൗക്കീന്‍, സുമിത് മാഥൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: