കാഠ്മണ്ഡു ; ഹിന്ദുമതത്തോടുള്ള ഇഷ്ടത്തെ തുടർന്ന് തന്റെ ഇരുപത്തിരണ്ടാം വിവാഹവാർഷികം ജനക്പൂരിലെ ജാനകി ക്ഷേത്രത്തിൽ പൂർണ്ണ ഹിന്ദു ആചാരങ്ങളോടെ ആഘോഷിച്ച് നേപ്പാളിലെ ബ്രിട്ടീഷ് അംബാസഡറായ റോബ് ഫാനെ . ക്ഷേത്രപരിസരത്ത് നടന്ന മതപരമായ ചടങ്ങിൽ, റോബ് ഫാനെ പൂമാല അണിഞ്ഞ്, തലപ്പാവ് ധരിച്ച് പരാമ്പരാഗത രീതിയിലാണ് എത്തിയത് . ചുവന്ന സാരിയായിരുന്നു ഭാര്യയുടെ വേഷം.
മിഥില പാരമ്പര്യമനുസരിച്ച്, ബ്രിട്ടീഷ് ദമ്പതികൾ വിവാഹസമയത്ത് വരന്റെ ഷാളും ഭാര്യയുടെ സാരിയുമായി കൂട്ടി കെട്ടി. ജാനകി ക്ഷേത്രത്തിലെ പൂജാരി വിവാഹസമയത്ത് ചൊല്ലുന്ന എല്ലാ മന്ത്രങ്ങളും ഉരുവിട്ടു. ദമ്പതികൾ ആചാരപ്രകാരം ഏഴു പ്രദക്ഷിണം നടത്തുകയും ചെയ്തു.
വിവാഹ വാർഷിക ആഘോഷത്തിൽ മാധേഷ് പ്രദേശ് അസംബ്ലി സ്പീക്കർ രാമചന്ദ്ര മണ്ഡൽ, മന്ത്രി റാണി ശർമ്മ, ജനക്പൂർ മേയർ മനോജ് സാ, കൂടാതെ ഒട്ടേറെ പേരും പങ്കെടുത്തു. ബ്രിട്ടനിൽ താമസിക്കുമ്പോഴാണ് താൻ ഹിന്ദുമതത്തിലേക്ക് ആകൃഷ്ടനായതെന്ന് ചടങ്ങിന് ശേഷം റോബ് ഫാനെ പറഞ്ഞു. പിന്നീട് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ക്ഷേത്രത്തിൽ പോകാനും വീട്ടിൽ ഹിന്ദു ഉത്സവങ്ങൾ ആഘോഷിക്കാനും തുടങ്ങി. ദേവഭൂമിയായ നേപ്പാളിൽ നിയമിക്കപ്പെട്ടത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രവും അദ്ദേഹം പതിവായി സന്ദർശിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: