കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് തടങ്കല്‍ പാളയത്തിലടയ്ക്കണമെന്ന് എറണാകുളത്ത് ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യസുരക്ഷയേക്കാള്‍ രാഷ്ട്രീയ താത്പര്യമാണ് കേരള സര്‍ക്കാര്‍ പരിഗണിക്കുന്നത്. നിയമവിരുദ്ധമായി ബംഗ്ലാദേശിലെ അനവധി പൗരന്മാര് കേരളം താവളമാക്കി കഴിയുന്നുണ്ട്. അവര്‍ അഭയാര്‍ത്ഥികളായി വന്നവരല്ല. ഇവരുടെ സാന്നിധ്യം കേരളത്തിന്റെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കുന്നതാണ്. കാസര്‍കോട് നിന്ന് അല്‍ഖ്വയ്ദ അംഗമായ ഒരു ബംഗ്ലാദേശി പൗരനെ അറസ്റ്റ് ചെയ്ത സംഭവം ഇതിന് ഉദാഹരണമാണ്.
ക്ഷേത്രോത്സവങ്ങളെ തടസപ്പെടുത്തുന്ന നടപടികള്‍ പല ഭാഗത്ത് നിന്നും ഉയര്‍ന്ന് വരുന്നതില്‍ സംസ്ഥാന നേതൃയോഗം ആശങ്ക പ്രകടിപ്പിച്ചു. ഇതിനെ സംബന്ധിച്ചുള്ള കോടതികളുടെ ഇടപെടല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതല്ലെന്ന സുപ്രീകോടതിയുടെ അഭിപ്രായം ശ്രദ്ധാര്‍ഹമാണ്. ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്നു വരുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം.
ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് കാലങ്ങളായി നടന്നുവന്ന കോടതി വിളക്ക് ആ പേരില്‍ തന്നെ നടത്തുന്നത് തുടരണം. രാത്രി പത്ത് മണിക്ക് ശേഷം ക്ഷേത്രോത്സവങ്ങളില്‍ മൈക്ക് ഉപയോഗിക്കാന്‍ അനുവാദം നിഷേധിക്കുന്നത് ഉത്സവ പരിപാടികളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളത്തില്‍ മതാടിസ്ഥാനത്തില്‍ നല്കുന്ന സംവരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന കാര്യാധ്യക്ഷന്‍ വത്സന് തില്ലങ്കേരി സമാപന പ്രഭാക്ഷണത്തില്‍ ആവശ്യപ്പെട്ടു.
ഹിന്ദു പിന്നോക്ക വിഭാഗങ്ങളുടെ സംവരണ അവകാശം കുത്തിക്കവര്ന്നെടുക്കാന് മുസ്ലിം ലീഗാണ് നേതൃത്വം നല്‍കുന്നത്. ഹിന്ദു പിന്നോക്ക സംഘടനകള്‍ ഇക്കാര്യം തിരിച്ചറിയണം. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം തന്നെയാണ് ലീഗ് ഉള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നത്. ഹിന്ദുക്കളുടെ കൂട്ടായ പ്രതികരണം രാഷ്ട്രീയ കേരളത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കുന്നതിന്റെ ഉദാഹരണമാണ് പൂരാഘോഷം മുടക്കുന്ന കോടതി വിധിക്കെതിരായി ഇടതുവലത് മുന്നണികള്‍ മത്സരിച്ച് രംഗത്തിറങ്ങിയ സംഭവമെന്നും വത്സന് തില്ലങ്കേരി പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ ആര്.വി. ബാബു അധ്യക്ഷനായ യോഗം മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.ബി. ശ്രീകുമാര്‍, കെ.പി. ഹരിദാസ്, പി. സുധാകരന്, മഞ്ഞപ്പാറ സുരേഷ്, കെ. ഷൈനു, പി.വി. മുരളിധരന്, ശ്രീധരന്, സി. ബാബു, വി. സുശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: