കോഴിക്കോട്: വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ രണ്ടുപേർ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനാലാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം നിഗമനം.
വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍ വിശ്രമിച്ചത്. എ.സി. പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്‍നിന്നാണ് കാര്‍ബണ്‍ മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പോലീസ് സംശയിക്കുന്നത്. വണ്ടിക്ക് പുറകില്‍ ഇടതുവശത്തായി പുറത്തുനിന്ന് തുറക്കാന്‍ കഴിയുന്ന കാബിനിലാണ് ജനറേറ്ററുള്ളത്. ഇതിലെ ഇന്ധനം പൂര്‍ണമായും വറ്റിയ നിലയിലാണ്.
മലപ്പുറം എരമംഗലം ആസ്ഥാനമായുള്ള ഫ്രണ്ട് ലൈൻ ഹോസ്പിറ്റലിൽ ആൻഡ് പ്രോപ്പർട്ടി മാനേജ്മെന്റിന്റെ പേരിലുള്ള കാരവാനിന്റെ ഡ്രൈവർ വണ്ടൂരിലെ പരിയാരത്ത് മനോജ് (48), ഇതേ സ്ഥാപനത്തിലെ ഐടി വിഭാഗം ജീവനക്കാരൻ കാസർഗോഡ് ചിറ്റാരിക്കൽ പറമ്പ് സ്വദേശി പറശ്ശേരി ജോയൽ(26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കുന്നംകുളത്ത് നിന്ന് വിവാഹ സംഘത്തെ കണ്ണൂരിലെത്തിച്ച ശേഷം തിരിച്ചുവരികയായിരുന്ന ഇവർ കരിമ്പനപ്പാലത്ത് റോഡരികിൽ വണ്ടി നിർത്തി വിശ്രമിച്ചപ്പോഴാണ് ദുരന്തം സംഭവിച്ചത്. ജോയലിന്റെ മൃതദേഹം കിടക്കയിലും മനോജിന്റെത് വാതിലിനരികിലുമായിരുന്നു കണ്ടെത്തിയത്. മൂക്കിൽ നിന്ന് രക്തം ഒഴുകിയതിന്റെ പാടുകളും കണ്ടെത്തിയിരുന്നു. വാഹനം നിർത്തിയിട്ട ശേഷം എസി പ്രവർത്തിപ്പിച്ചാണ് ഇവർ കാരവാനിലുള്ളിൽ വിശ്രമിച്ചത്.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: