നാഗ്പൂര്‍/ മുംബൈ: ശ്യാം ബെനഗലിന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് യഥാര്‍ത്ഥ കലാസാധകനെയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതീയ സിനിമയെ അദ്ദേഹം ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തി. സര്‍ഗാത്മകതയെ സാധനയാക്കിയ ശ്യാം ബെനഗലിന്റെ ആത്മാവിന് സദ്ഗതിക്കായ് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു, അനുസ്മരണ സന്ദേശത്തില്‍ സര്‍കാര്യവാഹ് കുറിച്ചു.
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗലിന് ആദരവില്‍ കുതിര്‍ന്ന അന്ത്യയാത്രാമൊഴി. മുംബൈ ശിവാജി പാര്‍ക്ക് വൈദ്യുത ശ്മശാനത്തില്‍ നടന്ന ചടങ്ങില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്തു,
പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം. ശ്യാംബെനഗല്‍ സിനിമികളിലെ സ്ഥിര സാന്നിധ്യമായിരുന്ന നസിറുദ്ദീന്‍ ഷാ കണ്ണീരോടെയാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ബോമാന്‍ ഇറാനി, രത്നപഥക് ഷാ, ഗുല്‍സാര്‍, ജാവേദ് അക്തര്‍, ഹന്‍സല്‍ മേത്ത, പ്രതീക് ഗാന്ധി, ദിവ്യ ദത്ത തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
നിരവധി പ്രമുഖര്‍ അദ്ദേഹത്തെ അനുസ്മരിച്ചു. ഒരു മഹത്തായ അധ്യായമാണ് അവസാനിച്ചതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു. അദ്ദേഹം സൃഷ്ടിച്ചതെല്ലാം ക്ലാസിക്കുകളാണ്. നിരവധി കലാകാരന്മാരെ വളര്‍ത്തിയ മഹാസ്ഥാപനമായിരുന്നു ബെനഗല്‍, രാഷ്ട്രപതി പറഞ്ഞു. ഭാരതീയ സിനിമയുടെ ഭൂപ്രകൃതിയെ സമ്പന്നമാക്കിയ സൃഷ്ടികളാണ് ബെനഗലിന്റേതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. കല, സംസ്കാരം, കഥപറച്ചില്‍ എന്നിവയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കുമെന്ന് എക്സില്‍ അദ്ദേഹം കുറിച്ചു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന് കല്യാണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ഭാരതീയ സിനിമയില്‍ സാംസ്കാരികനിധിയുടെ നിക്ഷേപമുറപ്പിച്ച സംവിധായകനാണ് ബെനഗലെന്ന് അമിതാഭ് ബച്ചന് എക്സില്‍ കുറിച്ചു. അദ്ദേഹം മികച്ച ചലച്ചിത്ര നിര്‍മ്മാതാവും മഹാനായ ബുദ്ധിജീവിയുമായിരുന്നു. ഏറ്റവും തിളക്കമുള്ള ചലച്ചിത്ര പ്രതിഭകളെ അദ്ദേഹം കണ്ടെത്തി വളര്‍ത്തിയെന്ന് ബച്ചന് കുറിച്ചു.
ശ്യാം ബെനഗലിന്റെ മരണം സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. ഗ്രാമങ്ങളുടെയും ദരിദ്ര കുടുംബങ്ങളുടെയും പ്രശ്നങ്ങള്‍ അദ്ദേഹം വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി സിനിമയ്ക്ക് പുതിയ ഒരു ചിന്താപദ്ധതി സമ്മാനിച്ച പ്രതിഭയാണ് ബെനഗലെന്ന് ജാവേദ് അക്തര്‍ അനുസ്മരിച്ചു. യുഗാന്ത്യം എന്നാണ് നന്ദിതാ ദാസ് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: