രണ്ടായിരത്തിനാല് ഡിസംബര്‍ ഇരുപത്തി ആറാം തീയതി പ്രഭാതത്തില്‍ ഏഷ്യാഭൂഖണ്ഡത്തെ പ്രഹരിച്ച സുനാമിയില്‍ മരണമടഞ്ഞ പതിനാല് രാജ്യങ്ങളിലെ രണ്ടുലക്ഷത്തി മുപ്പതിനായിരംപേരുടെ ആത്മാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് തുടങ്ങാം. സുനാമി എന്ന പദം ജപ്പാന് ഭാഷയില്‍നിന്ന് ഉത്ഭവിച്ചതാണ്. (സു തുറമുഖം, നാമി തിര). ഒരുപക്ഷേ ഏറ്റവും കൂടുതല്‍ സുനാമി രേഖപ്പെടുത്തിയിട്ടുള്ളത് ജപ്പാനിലായിരിക്കണം. ഭൂചലനം, വന്‍തോതിലുള്ള സമുദ്രാന്തര്ചലനങ്ങള്, അഗ്നിപര്‍വ്വതസ്ഫോടനം, ഉല്‍ക്കാപതനം, ഇതര സമുദ്രാന്തര സ്ഫോടനങ്ങള്‍ ഇവയൊക്കെ സമുദ്രത്തില്‍ സുനാമി സൃഷ്ടിക്കുവാന്‍ കഴിവുള്ള കാരണങ്ങളാണ്. ഉള്‍ക്കടലില്‍ രൂപപ്പെടുന്ന സുനാമിതിരമാലകളുടെ തരംഗദൈര്‍ഘ്യം നൂറുകണക്കിന് കിലോമീറ്റര്‍ വരും. ഉയരം കുറവും. എന്നാല്‍ കരയോടടുക്കുന്തോറും തരംഗദൈര്‍ഘ്യം, വേഗത ഇവ കുറയുകയും, ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു. സമുദ്രത്തിനടിയില്‍ വലിയ അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിയ്ക്കുന്നതുമൂലവും ശക്തിയേറിയ സുനാമി രൂപപ്പെടുന്നു. മേല്‍പ്പറഞ്ഞ പ്രതിഭാസങ്ങള്‍ മൂലം ഉയര്‍ത്തപ്പെട്ട ജലം ഗുരുത്വാകര്‍ഷണബലംമൂലം താഴുമ്പോള്‍ തിരകള്‍ രൂപപ്പെടുന്നു. ഈ തിരകള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കരയില്‍ എത്തിപ്പെടുന്നു. സമുദ്രാന്തര്‍ഭാഗത്ത് ഭൂചലനം, അഗ്നിപര്‍വ്വതസ്ഫോടനങ്ങള്‍ തുടങ്ങിയവമൂലം ഉല്പാദിപ്പിയ്ക്കപ്പെടുന്ന അളവറ്റ ഊര്‍ജ്ജം അതിനുമുകളിലുള്ള ജലത്തെ വന്‍തോതില്‍ ഇളക്കാന്‍ പര്യാപ്തമാകും. സുനാമിത്തിരകള്‍ എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേയ്ക്ക് അടിച്ചു കയറും. ആദ്യത്തെ കയറ്റത്തിനു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളം എല്ലാ നാശനഷ്ടങ്ങളും ഉണ്ടാക്കി മുന്നേറും. മറ്റു തിരകളെ അപേക്ഷിച്ച്, അളവറ്റ ഊര്‍ജ്ജം വഹിച്ചുകൊണ്ട് മുന്നേറുന്ന സുനാമി തിരകള്‍ വന്‍തോതില്‍ നാശനഷ്ടമുണ്ടാക്കും. പ്രഭവകേന്ദ്രത്തില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് വിനാശമുണ്ടാക്കും.
രണ്ടായിരത്തിനാലില്‍ സംഹാരതാണ്ഡവമാടിയ സുനാമിയും, ഭൂമികുലുക്കവും ചരിത്രത്തില്‍ ഒരു കറുത്ത നക്ഷത്രമായി നിലകൊള്ളുന്നു. അന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴത്തിലുണ്ടായ, റിച്ചര്‍ സ്കെയിലില്‍ 9.1 രേഖപ്പെടുത്തിയ തീവ്രഭൂചലനമാണ് സുനാമിയായി പരിണമിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അന്തര്‍ഭാഗത്ത് ഉണ്ടായ ഭൗമപാളികളുടെ ചലനങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യാ – ബര്‍മ്മ ഭൗമപാളികളുടെ കനത്ത ഉരസലുകള്‍ ശക്തമായ ഭൂചനലത്തിന് കാരണമായി. ഈ തീവ്രഭൂചലനം സമുദ്രജലത്തെ നാല്പതുമീറ്ററോളം ഉയരത്തില്‍ എത്തിയ്ക്കുകയും, ശക്തിയേറിയ സുനാമി സൃഷ്ടിയ്ക്കുകയും ചെയ്തു. ഇതിന്റെ പ്രഭവകേന്ദ്രം ഇന്‍ഡോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ പടിഞ്ഞാറെ തീരത്തായിരുന്നു. റിച്ചര്‍ സ്കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഈ ഭൂചലനം 8.3 മിനിട്ടു മുതല്‍ 10 മിനിട്ടുവരെയായിരുന്നു. ഇത് ഭൂമിയ്ക്ക് ആകമാനം വിറയല്‍ ഉണ്ടാക്കി. ശക്തിയേറിയ സുനാമിയ്ക്ക് കാരണമായ ഈ ഭൂചലനത്തെ ഏഷ്യന്‍ സുനാമി എന്നുവിളിച്ചു. അത് ഇന്ത്യന്‍ മഹാസമുദ്രത്തെ ആകെ ബാധിച്ചു. പ്രഭവകേന്ദ്രത്തിന്റെ സമീപരാജ്യമായ ഇന്ഡോനേഷ്യയ്ക്കാണ് കടുത്ത പ്രഹരമേറ്റത്. ഒരു ലക്ഷത്തി മുപ്പതിനായിരം മനുഷ്യജീവന് പൊലിഞ്ഞു. പുറമെ കനത്ത നാശനഷ്ടവും. ശ്രീലങ്ക, ഇന്ത്യ, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കും ഏറെ ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടായി. മരിച്ചവരില്‍ ഒമ്പതിനായിരത്തോളം വിദേശ സഞ്ചാരികളും ഉണ്ടായിരുന്നു. ആഘാതം പതിനാലുരാജ്യങ്ങളെ ബാധിച്ചു.
സുനാമിയുടെ പ്രത്യക്ഷമായ നാശനഷ്ടങ്ങള്‍ ഇന്നും തിട്ടപ്പെടുത്താന്‍ ആയിട്ടില്ല. അതിലേറെയാണ് പരിസ്ഥിതിയ്ക്ക് ഏറ്റ ആഘാതം. സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ ആകെ തകിടം മറച്ചു. കണ്ടല്‍ക്കാടുകള്‍, പവിഴപ്പുറ്റുകള്‍, തീരദേശത്തെ തടാകങ്ങളും ചതിപ്പുനിലങ്ങളും, മണല്കൂനകള്, തീരദേശ കാര്‍ഷിക വിളകള്‍, ജന്തു-സസ്യ വൈവിധ്യങ്ങള്‍, ഭൂഗര്‍ഭജലം തുടങ്ങിയവയ്ക്ക് ഏറെ പ്രഹരമേറ്റു. ആഘാതത്തില്‍നിന്ന് പലയിടവും ഇന്നും മുക്തി പ്രാപിച്ചിട്ടില്ല. കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെട്ടു.
ഈ സുനാമി ദുരന്തത്തിനുശേഷം, 2007 ഒക്ടോബറില്‍ കേന്ദ്ര ഗവണ്മെന്റ്, ഹൈദരാബാദിലെ സമുദ്രഗവേഷണ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ സുനാമി ഏര്‍ളി വാണിംഗ് സെന്റര്‍ സ്ഥാപിച്ചു. സാറ്റലൈറ്റ് ചിത്രങ്ങളുള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഭൂചലനങ്ങളുടെയും, സുനാമികളുടെയും സാധ്യതകളെക്കുറിച്ച് ഈ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
(ശാസ്താംകോട്ട ഡി ബി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: