പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദര്‍ശനം ഭാരതം-കുവൈറ്റ് ബന്ധങ്ങളില്‍ പുതിയ ദിശാതിരിവാണ്. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ആഴത്തിലാക്കാന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കുന്നു. പ്രതിരോധം, സാംസ്കാരികം, കായികം തുടങ്ങി നിരവധി മേഖലകളില്‍ ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കപ്പെട്ടു.
പ്രതിരോധ മേഖലയില്‍ ഉഭയകക്ഷി സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രം ഇരുരാജ്യങ്ങളെയും സൈനികപരമായി അടുപ്പിച്ചു നിര്‍ത്തും. പരിശീലനം, ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, സംയുക്ത അഭ്യാസങ്ങള്‍, പ്രതിരോധ വ്യവസായ സഹകരണം, പ്രതിരോധ ഉപകരണ വിതരണ സഹകരണം, ഗവേഷണവികസന മേഖലയില്‍ പങ്കാളിത്തം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ധാരണ പത്രം. ഗള്‍ഫ് മേഖലയില്‍ ഭാരതത്തിന്റെ പ്രതിരോധ സ്വാധീനത്തിന് ഇത് കരുത്ത് പകരും.
നടപ്പിലാകുന്ന സാംസ്കാരിക വിനിമയ പരിപാടി ഭാരതം-കുവൈറ്റ് പൈതൃകബന്ധം കൂടുതല്‍ സമ്പന്നമാക്കും. കല, സംഗീതം, നൃത്തം, സാഹിത്യം, നാടകം തുടങ്ങി വിവിധ കലാരൂപങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സാംസ്കാരിക കൈമാറ്റം നടത്തും. ഉത്സവങ്ങളും പരിപാടികളും സംയുക്തമായി സംഘടിപ്പിക്കുകയും സാംസ്കാരിക പൈതൃകം സംരക്ഷിക്കാന്‍ ഗവേഷണവികസനം നടത്തുകയും ചെയ്യും.
കായിക മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന എക്സിക്യൂട്ടീവ് പരിപാടി കായികരംഗത്ത് ഇരുരാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കും. സ്പോര്‍ട്സ് മെഡിസിന്, മാനേജ്മെന്റ്, മീഡിയ, സയന്‍സ് തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യം പങ്കുവെയ്ക്കാന്‍ കായികരംഗത്തെ പ്രമുഖര്‍ പരസ്പര സന്ദര്‍ശനം നടത്തും. ഇത് ഇരുരാജ്യങ്ങളിലെയും കായിക മേഖലയെ ഉണര്‍ത്തുന്നതിന് ഉപകരിക്കും.
കുവൈറ്റ് അന്താരാഷ്ട്ര സൗര സഖ്യത്തിലേക്ക് അംഗത്വം നേടിയത് പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ ഭാഗമാണെന്നും അതിലൂടെ ഭാരതംകുവൈറ്റ് ഊര്‍ജസഹകരണം കൂടുതല്‍ മെച്ചമാവുമെന്നും പ്രതീക്ഷിക്കാം. കുറഞ്ഞ കാര്‍ബണ്‍ വളര്ച്ചാപാതകള് വികസിപ്പിക്കുന്നതില്‍ കുവൈറ്റ് ഉള്‍പെടുന്ന ഈ സഖ്യം, ഗള്‍ഫ് മേഖലയിലെ ശക്തമായ ഊര്‍ജ ബന്ധം സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് നിശ്ചയം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം, ഭാരതം-കുവൈറ്റ് ബന്ധങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്നു. പ്രതിരോധം മുതല്‍ സാംസ്കാരികം വരെ വ്യത്യസ്ത മേഖലകളില്‍ പരസ്പര ബന്ധം ആഴത്തിലാകുന്നത്, ഇരു രാജ്യങ്ങളിലെയും ജനതയുടെ താത്പര്യ സംരക്ഷണത്തത്തിനും മേഖലയിലെ സമാധാനം മെച്ചപ്പെടുത്താനും സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: