ബിജാപൂര്‍ (ഛത്തീസ്ഗഡ്): മാവോയിസ്റ്റ് ഭീകരര്‍ താവളമാക്കിയ 10,000 ചതുരശ്രകിലോമീറ്റര്‍ പ്രദേശം മോചിപ്പിച്ച് സുരക്ഷാ സേന. ഛത്തിസ്ഗഡിലെ 18,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് മാവോയിസ്റ്റ് അധീനതയിലുണ്ടായിരുന്നത്. പത്ത് വര്‍ഷത്തെ നിരന്തരമായ സൈനിക നടപടികളുടെ ഭാഗമായി അത് 8,500 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഒരു സംഭവം നടക്കുന്നതിന്റെ അമ്പത് ചതുര ശ്രകിലോമീറ്റര് മേഖല സ്വാധീനകേന്ദ്രമായി കണക്കാക്കുമെന്നതിനാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനമുള്ള പ്രദേശം യഥാര്‍ത്ഥത്തില്‍ 8500 ചതുരശ്ര കിലോമീറ്ററില്‍ താഴെയായിരിക്കാമെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഛത്തീസ്ഗഡിലെ ആറ് ജില്ലകളിലും മഹാരാഷ്ട്രയടക്കമുള്ള അയല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള ആറ് ജില്ലകളിലും മാവോയിസ്റ്റുകളെ പൂര്‍ണമായി നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. 2026 മാര്‍ച്ചോടെ ഈ പ്രദേശങ്ങള്‍ മാവോയിസ്റ്റ് മുക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന ലക്ഷ്യം.
ഈ വര്‍ഷം ഇതുവരെ 287 മാവോയിസ്റ്റുകളെ വധിച്ചു. 992 പേരെ അറസ്റ്റ് ചെയ്തു, 837 പേര് ആയുധം വച്ച് കീഴടങ്ങി. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ നടപടികളാണ് 2024ല്‍ ഇടതുപക്ഷ തീവ്രവാദികള്‍ക്കെതിരെ സുരക്ഷാ സേന ആരംഭിച്ചത്, രാജ്യവ്യാപകമായി രേഖപ്പെടുത്തിയ 156 ഏറ്റുമുട്ടലുകളില്‍ 112 എണ്ണവും ഛത്തീസ്ഗഡിലാണ് നടന്നത്. ഇവയില്‍ 102 എണ്ണം ബസ്തര്‍ ഡിവിഷനിലെ ഏഴ് ജില്ലകളിലായിരുന്നു.
പ്രതിരോധത്തിന് പകരം ആക്രമണ സമീപനം, കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ ഏകോപനം, മാവോയിസ്റ്റ് ആധിപത്യഗ്രാമങ്ങളില്‍ വികസനം എത്തിക്കുക എന്ന ത്രിമാന നീക്കമാണ് വിജയത്തിലെത്തിയത്.
സുരക്ഷാസേനക്ക് സ്നിപ്പര്‍ റൈഫിളുകളും കവചിത ട്രക്കുകളും ഡ്രോണുകളുമടക്കം ആധുനിക സംവിധാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നു. മാവോയിസ്റ്റുകളുടെ ഫണ്ടിങ് മാര്‍ഗങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ഇടപെടലും വിജയിച്ചു. ഇടത് തീവ്രവാദികളില്‍ നിന്ന് 98 കോടിയിലധികം രൂപയാണ് പിടിച്ചെടുത്തത്. 40 കോടി രൂപയുടെ സ്വത്തുക്കളും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: