ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ആപ്പ് നേതാവ് അരവിന്ദ് കേജ്രിവാള് വീണ്ടും വാഗ്ദാനപ്പെരുമഴയുമായി ഇറങ്ങിയിരിക്കുകയാണെന്ന് ബാന്‍സുരി സ്വരാജ് എംപി.
നുണകളുടെ കെട്ട് അഴിച്ചുവിടുകയാണ് കേജ്രിവാള് ചെയ്യുന്നത്. ജനം ഇനി അതില്‍ വീഴില്ലെന്നും ബാന്‍സുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രതിമാസം 2,100 രൂപ വാഗ്ദാനം ചെയ്തിരിക്കുകയാണ് കേജ്രിവാള്. എന്നാല്‍ അത് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള തട്ടിപ്പാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കുമെന്ന് കേജ്രിവാള് പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു. എന്നാല്‍ ഒരു രൂപ പോലും ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല.
2022ല്‍ പഞ്ചാബില്‍ സമാനമായ ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2024 ഡിസംബര്‍ അവസാനം വരെ പഞ്ചാബിലെ ഒരു സ്ത്രീകള്‍ക്കും അവരുടെ അക്കൗണ്ടില്‍ പണം ലഭിച്ചിട്ടില്ല. കേജ്രിവാളിന് സ്ത്രീകളോടുള്ള ബഹുമാനം വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് ബന്‍സുരി സ്വരാജ് അഭിപ്രായപ്പെട്ടു.
സ്വാതി മലിവാള്‍ എംപിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഔദ്യോഗിക വസതിയില്‍ വെച്ച് ശാരീരികമായി ആക്രമിച്ചത് എന്തിനാണെന്നും ഈ സംഭവത്തില്‍ കേജ്രിവാള് മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണം. അതേ പ്രൈവറ്റ് സെക്രട്ടറിയെ പഞ്ചാബ് സര്‍ക്കാരില്‍ ഉപദേശക സ്ഥാനത്തേക്ക് ഉയര്‍ത്തിയത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. ദല്‍ഹിയിലെ സ്ത്രീകള്‍ക്ക് കേജ്രിവാളിന്റെ വഞ്ചനയെക്കുറിച്ച് നന്നായി അറിയാം. മഹിളാ സമ്മാന്‍ എന്ന പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. കേന്ദ്ര പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കേജ്രിവാള് രാഷ്ട്രീയ പകപോക്കല്‍ മൂലം ദല്‍ഹിയില്‍ നടപ്പാക്കിയില്ലെന്നും ബന്‍സുരി സ്വരാജ് കൂട്ടിച്ചേര്‍ത്തു. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് റിച്ച പാണ്ഡെ മിശ്ര, ബിജെപി നേതാക്കളായ പ്രവീണ്‍ ശങ്കര്‍ കപൂര്‍, നിയോമ ഗുപ്ത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: