തിരുവനന്തപുരം: ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു.മത്സരം യഥാസമയം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും കര്‍ശന നടപടികള്‍ കൈക്കൊള്ളും. തേര്‍ഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 101 ഉം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നൂറ്റിപ്പത്തും സംസ്കൃതോത്സവത്തില്‍ പത്തൊമ്പതും അറബിക് കലോത്സവത്തില്‍ പത്തൊമ്പതും ഇനങ്ങളിലായി ആകെ 249 മത്സരയിനങ്ങളിലായി പതിനയ്യായിരത്തില്‍പരം കലാ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. നഗരത്തിലെ മുപ്പതോളം സ്കൂളുകളെ അക്കോമഡേഷന്‍ സെന്ററുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍.
സ്വര്‍ണ്ണകപ്പിന്റെ ഘോഷയാത്ര ഡിസംബര്‍ 31 ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂര്‍ത്തിയാക്കി ജനുവരി 3 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തിയായ തട്ടത്തുമലയില്‍ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ സ്വീകരിക്കും.
പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാരം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് കലാമത്സരങ്ങള്‍ അരങ്ങേറുന്നത്. വേദികള്‍ക്ക് കേരളത്തിലെ നദികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്.
എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഉള്ള ഷെഡ്യൂള്‍ ആകെ ഇനങ്ങളുടെ എണ്ണം അനുസരിച്ചാണ് നിലവിലെ ഷെഡ്യൂള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. അപ്പീലുകള്‍ വരുന്നതോടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: