രാമാനുജന്‍
ഭാരതീയ പുരാണ സാഹിത്യത്തില്‍ കണ്ടിട്ടുള്ള ഒരു പദപ്രയോഗമാണ് വിരോധ ഭക്തി. ഭക്തി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ദൈവത്തോടോ, ഏതെങ്കിലും വ്യക്തിയോടോ, വസ്തുക്കളോടോ തോന്നുന്ന ആദരവ് കലര്‍ന്ന അടുപ്പവും സ്നേഹവും വിശ്വാസവും വിധേയത്വവും ഒക്കെ ചേര്‍ന്ന വികാരത്തെയാണ് ഭക്തി എന്ന് പറയുന്നത്. എന്തിനോടെങ്കിലും ഭക്തിയുള്ള വ്യക്തിയുടെ മനസ്സില്‍ ആ ഭക്തി ഭാജനത്തെപ്പറ്റിയുള്ള ചിന്തയായിരിയ്‌ക്കും നിറഞ്ഞു നില്‍ക്കുക. വിരോധം എന്നാല്‍ എന്താണെന്നും നമുക്കറിയാം. ഭക്തിയുടെ നേരെ വിപരീതമായ വികാരമാണത്. അകല്‍ച്ച, വെറുപ്പ് ഒക്കെയാണ് അതിന്റെ ലക്ഷണം. എന്നാല്‍ ഒരു കാര്യത്തില്‍ ഭക്തിയും വെറുപ്പും ഒരേ തലത്തിലാണ്. വസ്തുവിനെ പറ്റിയുള്ള ചിന്തയുടെ കാര്യത്തിലാണത്. ഭക്തന്റെയും വിരോധിയുടേയും ചിന്തകളില്‍ ആ വസ്തു എല്ലായ്‌പ്പോഴും നിറഞ്ഞു നില്‍ക്കും. വിരോധം മുഴുത്ത് ആ വസ്തുവിനെപ്പറ്റി അല്ലെങ്കില്‍ വ്യക്തിയെപ്പറ്റി തന്നെ ഊണിലും ഉറക്കത്തിലും ചിന്തിച്ചിരിയ്‌ക്കുന്ന അവസ്ഥയാണ് വിരോധഭക്തി. ഒരു വ്യക്തിയെ പറ്റി അയാളുടെ സ്നേഹിതന്‍ സ്മരിയ്‌ക്കുന്നതിനേക്കാള്‍ ശക്തമായും ഏകാഗ്രമായും സ്മരിയ്‌ക്കുന്നത് ആ വ്യക്തിയോട് ബദ്ധവൈരം ഉള്ളയാളാണ് എന്നത് നമ്മുടെയെല്ലാം അനുഭവമാണ്.
പുരാണങ്ങളില്‍ അനേകം ദുഷ്ട കഥാപത്രങ്ങളെ പറ്റി പറയുന്നുണ്ട്. ഒടുവില്‍ അവരെ കീഴ്പ്പെടുത്തുന്ന ധര്‍മ്മപ്രതീകങ്ങളെയും ഈശ്വരാവതാരങ്ങളെയും കാണാം. ഭാരതീയ കാഴ്ചപ്പാടില്‍ എല്ലാമെല്ലാം ബ്രഹ്മമാണ്. അജ്ഞാനാവരണം കൊണ്ട് സ്വരൂപം വിസ്മരിച്ച് ജീവബോധത്തില്‍ ഇരിയ്‌ക്കുന്ന ബ്രഹ്മം തന്നെയാണ് ദുഷ്ടരും ശിഷ്ടരുമായ എല്ലാവരും. അജ്ഞാനം നീക്കി സ്വരൂപ സാക്ഷാത്ക്കാരം നേടലാണ് ജീവിതമെന്ന ഈ പ്രക്രിയയുടെ ലക്ഷ്യം. പുരാണങ്ങളില്‍ ഭഗവാന്‍ ചെയ്യുന്ന ദുഷ്ടനിഗ്രഹം ആ ജീവന്മാരെ കടുത്ത അന്ധകാര ജഡിലമായ ജീവിതനാടക വേഷത്തില്‍ നിന്ന് മോചിപ്പിച്ച് ജ്ഞാന മാര്‍ഗ്ഗത്തിലേക്ക് നയിയ്‌ക്കുന്ന ലീലയാണ്. അതുകൊണ്ട് സെമിറ്റിക്ക് വിശ്വാസങ്ങളില്‍ കാണുന്നതു പോലുള്ള നിത്യനായ ഒരു പിശാച് അല്ലെങ്കില്‍ സാത്താന്‍ ഇവിടെയില്ല. ജീവന്മാര്‍ താല്‍ക്കാലികയായി വീണു പോകുന്ന പൈശാചികത്വം അല്ലെങ്കില്‍ രാക്ഷസീയത എന്ന അജ്ഞാനം മാത്രമേ ഉള്ളൂ. ആത്മാവ് ദിവ്യവും പരിപൂര്‍ണ്ണവുമാണ്.
ഹിരണ്യകശിപു, രാവണന്‍, കംസന്‍, മാരീചന്‍, താരകാസുരന്‍, നരകാസുരന്‍, മഹിഷാസുരന്‍, മഹിഷി, താടക, പൂതന തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അജ്ഞാനം നിമിത്തം ധര്‍മ്മത്തിന് മറുപുറത്ത് നിലയുറപ്പിച്ചവരാണ്. ഈശ്വരാവതാരങ്ങളുടെ നേരെയുള്ള വിരോധവും വെറുപ്പും ഭയവും അവരെ വിരോധഭക്തി അഥവാ നിരന്തരം ശത്രുവിനെ സ്മരിയ്‌ക്കുന്ന അവസ്ഥയില്‍ എത്തിച്ചു. അത് തികഞ്ഞ തപസ്സിന് തുല്യമായി തീര്‍ന്നു. ഇവിടെ ശത്രുസ്ഥാനത്ത് ധര്‍മ്മമൂര്‍ത്തിയായ ഭഗവാന്‍ തന്നെ ആയതുകൊണ്ട് ആ വിരോധം അവര്‍ക്ക് ആത്യന്തിക നന്മയായിട്ടാണ് ഭവിച്ചത്. അവര്‍ക്കെല്ലാം ഭഗവദ് സായൂജ്യം ലഭിച്ചു. തിന്മയെ അന്ധമായി വെറുക്കുകയല്ല മറിച്ച് നന്മ വളര്‍ത്തിക്കൊണ്ട് തിന്മയുണ്ടാക്കുന്ന ഗര്‍ത്തം നികത്താന്‍ ശ്രമിയ്‌ക്കുകയാണ് ചെയ്യേണ്ടത്. എന്തിനെയെങ്കിലും വെറുക്കുന്നതും മറ്റൊരു രീതിയില്‍ നമ്മെ അതിനോട് ബന്ധിപ്പിയ്‌ക്കുകയാണ് ചെയ്യുന്നത്. ആ ‘ബന്ധം’ നമ്മുടെ മനസ്സിനെ സ്വാധീനിയ്‌ക്കും.
കഴിഞ്ഞ ദിവസം പിശാചിനെ കല്ലെറിയുക എന്ന ഒരു ആചാരത്തിന്റെ വീഡിയോ കാണാനിടയായി. എന്താണ് അതിനു പിന്നിലുള്ള ആശയം എന്ന് തിരഞ്ഞു നോക്കി. പ്രാചീനകാലത്തെ ഒരു ദൈവദൂതനോട് ദൈവം വലിയൊരു ത്യാഗം ആവശ്യപ്പെട്ടുവത്രേ. ആറ്റുനോറ്റിരുന്ന് വാര്‍ദ്ധക്യ കാലത്ത് അദ്ദേഹത്തിനുണ്ടായ പുത്രനെ ബലി നല്‍കുക. അതായിരുന്നു ദൈവത്തിന്റെ ആവശ്യം. ദൈവദൂതന്‍ അത് നിര്‍വ്വഹിയ്‌ക്കുന്നതിനായി തയ്യാറാകുന്ന സമയത്ത് പിശാച് അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിയ്‌ക്കാന്‍ ശ്രമിച്ചു. അപ്പോള്‍ പിശാചിനെ അകറ്റുന്നതിനു വേണ്ടി അദ്ദേഹം ഏഴ് കല്ലുകള്‍ അവനു നേരെ എറിയുന്നു. മൂന്ന് ഇടങ്ങളില്‍ പിശാച് പ്രത്യക്ഷപ്പെടുകയും കല്ലേറ് ആവര്‍ത്തിയ്‌ക്കുകയും ചെയ്യുന്നു. ഈ ഐതിഹ്യത്തിന്റെ അനുസ്മരണം എന്ന നിലയ്‌ക്കും ദൈവത്തോടുള്ള തങ്ങളുടെ സ്വന്തം വിധേയത്വം പ്രകടിപ്പിയ്‌ക്കല്‍ എന്ന നിലയ്‌ക്കുമാണത്രേ ഇന്ന് അതേ സ്ഥാനങ്ങളില്‍ നിര്‍മ്മിച്ചിരിയ്‌ക്കുന്ന മൂന്നു തൂണുകള്‍ക്ക് നേരെ വിശ്വാസികള്‍ കല്ലെറിയുന്നത്. ആ പ്രവൃത്തി വെറും പ്രതീകാത്മമായ ഒന്നാണെന്നും ബന്ധപ്പെട്ട സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആ ചടങ്ങില്‍ പങ്കെടുക്കുന്ന പലരും വളരെ വൈകാരികമായിട്ടാണ് അത് നിര്‍വ്വഹിയ്‌ക്കുന്നത് എന്നു കാണാം. ഐതിഹ്യത്തില്‍ പറയുന്ന പിശാച് സത്യമായിട്ടും അവിടെ നിന്നുകൊണ്ട് ശിക്ഷ ഏറ്റുവാങ്ങുന്നു എന്ന ഭാവനയോടെയാണ് പല വിശ്വാസികളും കല്ലേറ് നടത്തുന്നത്. അന്യദൈവങ്ങളൊക്കെ പിശാചുക്കളാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ചില വിഭാഗങ്ങള്‍ സെമിറ്റിക് മതങ്ങളിലുണ്ട്. മറ്റ് വിശ്വാസികളെയും, ദേവാലയങ്ങളെയും ആരാധനാ വസ്തുക്കളെയുമൊക്കെ അവര്‍ നോക്കിക്കാണുന്നത് ഈ കണ്ണിലൂടെ ആയിരിക്കില്ലേ ?
നമ്മുടെ നാട്ടില്‍ കുടുംബങ്ങളില്‍ കണ്ടുവരുന്ന ഒരു തമാശയുണ്ട്. എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്ത് വേദനിച്ച് കുഞ്ഞുങ്ങള്‍ കരയുമ്പോള്‍, കുട്ടിയെ ആശ്വസിപ്പിയ്‌ക്കാനായി മുതിര്‍ന്നവര്‍ ചെയ്യുന്ന ഒരു പരിപാടിയാണത്. കുഞ്ഞിന്റെ ദേഹത്ത് തട്ടിയ കസേരയേയോ, മേശയേയോ, കതകിനേയോ ശാസിയ്‌ക്കുന്നതു പോലെ അഭിനയിയ്‌ക്കും. കുഞ്ഞിനെ വേദനിപ്പിച്ച ദുഷ്ടനെ ശിക്ഷിയ്‌ക്കുന്നതായി ഭാവിച്ച് മേശയ്‌ക്കിട്ടോ കതകിനിട്ടോ രണ്ടു തല്ലും കൊടുക്കും. ഇത് കാണുമ്പോള്‍ കുഞ്ഞിന് സമാധാനമാവും. എന്നാല്‍ ഇത് ശരിയല്ല എന്ന് അഭിപ്രയപ്പെടുന്നവരും ഉണ്ട്. തന്റെ അശ്രദ്ധകൊണ്ട് ഉണ്ടായ വേദനയ്‌ക്ക് പരിഹാരം മേലില്‍ ശ്രദ്ധിച്ച് നടക്കലാണെന്ന് പഠിയ്‌ക്കാന്‍ അവസരം കിട്ടുന്നില്ലെന്ന് മാത്രമല്ല, തന്റെ അശ്രദ്ധയുടെ ഉത്തരവാദിത്വം മറ്റൊരാളിനു മേല്‍ വച്ചുകെട്ടാനും, അതിന്റെ പേരില്‍ അക്രമമാര്‍ഗ്ഗം സ്വീകരിച്ച് അന്യനെ ശിക്ഷിയ്‌ക്കാന്‍ തയ്യാറാവാനും കുട്ടിയുടെ മനസ്സിന് കിട്ടുന്ന തെറ്റായ ഒരു മന:ശാസ്ത്ര സന്ദേശമാണ് ഇതെന്ന് ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു. അതുകൊണ്ട് കതകിനെ തല്ലുകയല്ല ശ്രദ്ധയോടെ നടക്കാന്‍ കുഞ്ഞിനെ ഓര്‍മ്മിപ്പിയ്ക്കുകയാണ് കരണീയം.
ഇന്ന് സമൂഹത്തില്‍ പരക്കെ കാണപ്പെടുന്ന അക്രമവസനയുടെ വേരുകള്‍ ചികഞ്ഞു നോക്കുന്നത് നന്നായിരിയ്‌ക്കും. തങ്ങള്‍ വെറുക്കുന്ന എന്തിനും നേരെ അക്രമം പ്രവര്‍ത്തിയ്‌ക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. സമൂഹം പിശാച് എന്ന സങ്കല്‍പ്പത്തെ പൂര്‍ണ്ണമായി അവഗണിച്ചിട്ട് പകരം ദൈവീകതയില്‍ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കുകയാണ് വേണ്ടത് എന്ന് തോന്നുന്നു. ഇരുട്ടിനെ ശപിച്ചതു കൊണ്ടോ ആക്രമിച്ചതു കൊണ്ടോ കാര്യമില്ല. വെളിച്ചം എത്തിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കല്ലെറിയുമ്പോള്‍ പിശാചിന് ഒന്നും സംഭവിക്കുന്നില്ല. മറിച്ച് കല്ലെറിയുന്നവരുടെ മനസ്സുകളില്‍ പിശാച് മെയ് വഴക്കത്തോടെ കയറിക്കൂടുന്നു. ചെകുത്താനെ വെറുക്കുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞിട്ട് കാര്യമില്ല, വിരോധ ഭക്തിയാണ് ഇവിടെ പ്രവര്‍ത്തിയ്‌ക്കുന്നത്. എന്തിനെ പറ്റിയാണോ മനുഷ്യര്‍ ഏറ്റവും വൈകാരികതയോടെ എകാഗ്രമായി ചിന്തിക്കുന്നത്, അതിന്റെ സ്വഭാവങ്ങള്‍ ഉപബോധ മനസ്സുകളില്‍ കയറിപ്പറ്റുന്നു. എന്താണോ മനസ്സിന്റെ ഭാവം മനുഷ്യന്‍ അതായി തീരുന്നു. ലളിതമായ മന:ശാസ്ത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: