ന്യൂദല്‍ഹി: ഡോ. ബി.ആര്‍. അംബേദ്കറോടു ചെയ്ത പാപങ്ങള്‍ മറച്ചുവയ്‌ക്കാനുള്ള തരംതാണ രാഷ്‌ട്രീയ നാടകമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ ഭരണഘടനാ ചര്‍ച്ചയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്ക് മറുപടിയായി എക്സിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
കോണ്‍ഗ്രസിന്റെ കറുത്ത ചരിത്രമാണ് അമിത് ഷാ രാജ്യസഭയില്‍ ഓര്‍മിപ്പിച്ചത്. അതിന്റെ ജാള്യത മറയ്‌ക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അംബേദ്കറെ നിരന്തരം അപമാനിച്ചത് കോണ്‍ഗ്രസാണ്. ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് അംബേദ്കറുടെ നേട്ടങ്ങളെ മറച്ചുവയ്‌ക്കാനും എസ്സി, എസ്ടി സമൂഹങ്ങളെ അപമാനിക്കാനും നിരന്തരം യത്നിച്ചു. അമിത് ഷായ്‌ക്ക് മറുപടി നല്കാനാകാത്തതിന്റെ ജാള്യത മറയ്‌ക്കാനാണ് ഈ നാടകം.
അംബേദ്കറെ ഏറ്റവും കൂടുതല്‍ അപമാനിച്ചത് കോണ്‍ഗ്രസാണ്. ഇന്ന് ജനങ്ങള്‍ക്ക് സത്യമറിയാം. അംബേദ്കറെ രണ്ടു തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസാണ്. അഭിമാനപ്രശ്നമായിക്കണ്ട് നെഹ്റുതന്നെ അദ്ദേഹത്തിനെതിരേ പ്രചാരണം നടത്തി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അംബേദ്കറിന് ഭാരത രത്ന നിഷേധിച്ചു.
വി.പി. സിങ് സര്‍ക്കാരിന്റെ കാലം വരെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം സ്ഥാപിക്കുന്നത് തടഞ്ഞതും കോണ്‍ഗ്രസാണ്. എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരേ ഏറ്റവും ക്രൂരമായ അക്രമങ്ങള്‍ നടന്നത് കോണ്‍ഗ്രസ് ഭരണ കാലത്താണ്. വര്‍ഷങ്ങളോളം അധികാരത്തിലിരുന്നിട്ടും ഈ വിഭാഗങ്ങളെ ശക്തമാക്കാന്‍ കാര്യമായ നടപടിയൊന്നും കോണ്‍ഗ്രസെടുത്തില്ല. ആവര്‍ത്തിച്ചുള്ള നുണ പ്രചാരണങ്ങളിലൂടെ ചെയ്ത തെറ്റുകള്‍ മറയ്‌ക്കാനാകുമെന്നാണ് കോണ്‍ഗ്രസ് ധാരണ, പ്രധാനമന്ത്രി പറഞ്ഞു.
അംബേദ്കറുടെ പ്രയത്നവും ദീര്‍ഘവീക്ഷണവുമാണ് രാഷ്‌ട്രത്തെ ഇത്രയും പുരോഗതിയില്‍ എത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു ദശകത്തോളം ബിജെപി സര്‍ക്കാര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചത് അംബേദ്കറിന്റെ ദര്‍ശനങ്ങള്‍ നടപ്പാക്കുന്നതിനാണ്. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി, എസ്സി, എസ്ടി ആക്ട് ശക്തിപ്പെടുത്തി, സ്വച്ഛ് ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന, ജലജീവന്‍ മിഷന്‍, ഉജ്ജ്വല യോജന തുടങ്ങി നമ്മുടെ പ്രധാന പദ്ധതികള്‍ ഓരോന്നും പാവപ്പെട്ടവരുടെ ജീവിതത്തെ മെച്ചപ്പെടുത്തിയിട്ടുണ്ട്, പ്രധാനമന്ത്രി കുറിച്ചു.
അംബേദ്കറുമായി ബന്ധപ്പെട്ട പഞ്ചതീര്‍ത്ഥങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. ദശാബ്ദങ്ങളായി തര്‍ക്കത്തില്‍ കിടന്ന ചൈത്യഭൂമി പ്രശ്നം ഈ സര്‍ക്കാര്‍ പരിഹരിച്ചു. അതിനുശേഷം താനും ആ പുണ്യസ്ഥലത്തില്‍ പ്രാര്‍ത്ഥനയ്‌ക്ക് എത്തിയിട്ടുണ്ട്. ഡോ. അംബേദ്കര്‍ തന്റെ അവസാന വര്‍ഷങ്ങള്‍ ചിലവഴിച്ച ദല്‍ഹിയിലെ സ്ഥലവും വികസിപ്പിച്ച് സംരക്ഷിച്ചു. ഡോ. അംബേദ്കര്‍ താമസിച്ച ലണ്ടനിലെ വീടും ഭാരതസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. ഡോ. അംബേദ്കറോടുള്ള ഞങ്ങളുടെ ആദരവും ഭക്തിയും ആത്മാര്‍ത്ഥമാണ്, അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സദാപ്രതിബദ്ധവുമാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: