തിരുവനന്തപുരം:ജര്‍മ്മനിയിലെ ആഡംബര വാഹന നിര്‍മ്മാണ കമ്പനിയായ മെഴ്സിഡസ് ബെന്‍സ്, ആഗോള വാഹന വിപണിയിലെ ഏറ്റവും പ്രശസ്തമായ ബ്രാന്‍ഡാണ്. 1994ല്‍ സ്ഥാപിതമായ മെഴ്സിഡസ് ബെന്‍സ് ഇന്ത്യ, ഭാരതത്തിലെ ആഡംബര വാഹന വിപണിയുടെ പ്രധാന പോരാളിയും. മഹാരാഷ്ട്രയിലെ പുണെ ചക്കനില്‍ സ്ഥിതിചെയ്യുന്ന കമ്പനിയുടെ നിര്‍മാണ ശാല, വിവിധ മോഡലുകളുടെ പ്രാദേശിക നിര്‍മ്മിതിയുടെ കേന്ദ്രമാണ്.
ആഢംബര യാത്രയുടെ തലപ്പൊക്കത്തില്‍ നില്ക്കുന്ന മെഴ്സിഡീസ് ബെന്‍സ് ഇന്ത്യയുടെ നായകന് ആഢംബരം ഒട്ടുമില്ല. തലക്കനം തീരെയില്ല. തൃശ്ശൂരിന്റെ പൈതൃകവും നന്മയും പേറുന്ന തനി പച്ച മലയാളി. 2023 ജനുവരി ഒന്നുമുതല്‍ മേഴ്സിഡസ് ബെന്‍സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമാണ് സന്തോഷ് അയ്യര്‍. 2009 മുതല്‍ മേഴ്സിഡസ് ബെന്‍സ് ഇന്ത്യയുടെ നിരവധി നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച സന്തോഷ്, 20 വര്‍ഷത്തിലധികം ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായ പരിചയസമ്പത്തുള്ള വ്യക്തിത്വമാണ്.
2019 മുതല്‍ വില്‍പ്പന വിപണന വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം ഡിജിറ്റല്‍ മാറ്റങ്ങള്‍ക്കും ഓണ്‍ലൈന്‍ വില്‍പ്പന സംവിധാനത്തിനും നേതൃത്വം നല്കി. കോവിഡ് കാലത്തെ പ്രതിസന്ധിയെ മറികടന്ന് ലാഭകരമായ വളര്‍ച്ച കൈവരിക്കുകയും ‘റീട്ടെയില്‍ ഓഫ് ദ ഫ്യൂച്ചര്‍’ ബിസിനസ് മോഡല്‍ അവതരിപ്പിക്കുകയും ചെയ്തു.
മുംബൈ സര്‍വകലാശാലയില്‍ നിന്ന് വാണിജ്യ ശാഖയില്‍ ബിരുദം നേടിയ സന്തോഷ് അയ്യര്‍ ഇന്ഡിയാനപൊളിസ് സര്‍വകലാശാലയില്‍ നിന്ന് എംബിഎയും ലേക്ക് കോണ്‍സ്റ്റന്‍സ് സര്‍വകലാശാലയില്‍ നിന്ന് കോര്‍പ്പറേറ്റ് ഗവേണന്‍സ്, അനുസരണം രംഗത്ത് മാസ്റ്റര്‍ ബിരുദവും നേടി. ദീര്‍ഘ യാത്രകള്‍, ഫോര്‍മുല 1 കാണല്‍, വിവിധ രാജ്യങ്ങളിലെ ഭക്ഷണങ്ങള്‍ പരീക്ഷിക്കല്‍, ഗോള്‍ഫ് കളിക്കല് തുടങ്ങിയവ പ്രധാന താല്പര്യങ്ങളാണ്.
കേരളത്തിലെ സാന്നിധ്യം
കേരളത്തില്‍ മെഴ്സിഡസ് ബെന്‍സ് വിപുലീകരണ പദ്ധതികളുടെ ഉദ്ഘാടനത്തിനായി സന്തോഷ് അയ്യര്‍ കേരളത്തില്‍ കമ്പനി നടത്തുന്ന കുതിപ്പില്‍ സന്തോഷവാനാണ്. അദ്ദേഹം പറയുന്നു.
കേരളം മെഴ്സിഡസ് ബെന്‍സിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാണ്. 2024ല്‍ സംസ്ഥാനത്ത് 25 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തിയിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മികച്ച പ്രതികരണവും ലഭിക്കുന്നു. കേരളത്തില്‍ 12% വാഹനങ്ങള്‍ ഇലക്ട്രിക് മോഡലുകളാണ്, ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി.
കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം പത്തുശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ കേരളത്തില്‍ ബെന്‍സിന്റെ വളര്‍ച്ച 18 ശതമാനമായിരുന്നു. ബെന്‍സ് രാജ്യത്ത് വില്‍ക്കുന്ന കാറുകളില്‍ അഞ്ചു ശതമാനം കേരളത്തിലാണ്. കേരളത്തിനു പുറത്ത് ഇലക്ട്രിക് വാഹനങ്ങളോട് വലിയ താത്പര്യം ഉപഭോക്താക്കള്‍ കാട്ടിത്തുടങ്ങിയിട്ടില്ല. എന്നാല്‍, കേരളത്തിലെ അനുഭവം മറിച്ചാണ്. ഇലക്ട്രിക് വാഹനങ്ങളില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളമാണ്. ആകെ വിറ്റ വാഹനങ്ങളുടെ 12% ഇ വി ആണ്. ദേശീയ ശരാശരിയുടെ ഇരട്ടി. സംസ്ഥാനത്ത് 300ലധികം ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിലവില്‍ ഉണ്ട്. ഇ വി റജിസ്ട്രേഷന് ഫീസ് ഒഴിവാക്കല്‍, റോഡ് നികുതി ഇളവ്, ടോള്‍ ഫീസ് ഒഴിവാക്കല്‍ എന്നിവ ഇ വി വിപണി വളര്‍ച്ചയ്ക്ക് ചാലകമായി.
സംസ്ഥാനത്തുള്ള മെര്സിഡസ്ബെന്സ് വാഹനങ്ങളുടെ എണ്ണം 11,600 ത്തിലധികമാണ്. പ്രവാസികള്‍, ബാങ്കര്‍മാര്‍, ഡോക്ടര്‍മാര്‍, വ്യവസായികള്‍ എന്നിവരാണ് പ്രധാന ഉപഭോക്താക്കള്‍. തൃശൂര്‍, തിരുവനന്തപുരം, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലാണ് കൂടുതല്‍ വിപണി.ബാര്‍ട്ടണ്‍ ഹില്‍ ഗവ. എന്‍ജിനിയറിംഗ് കോളേജുമായുള്ള സഹകരണത്തിലൂടെ മെക്കാട്രോണിക്സ് ഡിപ്ലോമ കോഴ്സ്, ഉപഭോക്തൃ സേവനം, കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മെഴ്സിഡസ് ബെന്‍സ് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. വിലയ്ക്ക് അനുസൃതമായ ആഡംബരസൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്നത് കമ്പനി നിലനിര്‍ത്തുന്ന പ്രധാന ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: