പുത്തൂര്‍: പതിനെട്ട് പുരാണങ്ങളുടെ യജ്ഞശാലയായി കൈതക്കോട് ഗ്രാമത്തെ മാറ്റിയ സംഘാടകനെയാണ് കന്യാര്‍കാവ് വി. അനില്‍കുമാറിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ക്ഷേത്രവും ആര്‍എസ്എസ് പ്രവര്‍ത്തനവും ആദ്ധ്യാത്മിക ഉണര്‍വും ഗ്രന്ഥശാലയും ഹിന്ദുദര്ശനങ്ങളിലുള്ള സംവാദ വേദികളും സാമൂഹിക ഐക്യത്തിനായുള്ള ഹിന്ദുസംഗമങ്ങളുമൊക്കെയായി ആ ഗ്രാമത്തെ പരിഷ്കരിക്കുകയായിരുന്നു അദ്ദേഹം.
ആദ്ധ്യാത്മിക പ്രഭാഷകന്‍, സംഘാടകന്‍, സപ്താഹ ആചാര്യന്…. കുറഞ്ഞ ആയുസില്‍ അനില്‍കുമാര്‍ വ്യക്തിമുദ്ര പതിപ്പിച്ച മേഖലകള്‍ നിരവധി. കൈതക്കോട് കന്യാര്‍കാവ് ക്ഷേത്രം വളര്‍ന്നത് അനിലിന്റെ സമര്‍പ്പണത്തിലൂടെയാണ്. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരം കൈതക്കോട് പുനര്‍ജനിച്ചതും അതിനായി മഹാകവി അക്കിത്തത്തിന്റെ അനുഗ്രഹം തേടിയതും കേരളത്തിലെ പ്രമുഖരായ പണ്ഡിതരെയും ഹിന്ദുസംഘടനാപ്രവര്ത്തകരെയുമൊക്കെ ഗ്രാമത്തിലെത്തിച്ചതുമൊക്കെ അനിലിന്റെ സംഘാടന മികവിന്റെ അടയാളങ്ങളായിരുന്നു. പതിനെട്ട് പുരാണങ്ങളുടെ യജ്ഞവും യജ്ഞശാലയിലേക്കുള്ള ജ്യോതിപ്രയാണവും കേരളമാകെ ശ്രദ്ധിച്ച ആദ്ധ്യാത്മിക പരിപാടികളായി.
വിശ്വഹിന്ദുപരിഷത്തിന്റെ അര്ചക് പുരോഹിത വിഭാഗത്തിന്റെ ഭാഗമായി ഹിന്ദുക്കള്‍ക്ക് വിവിധ പൂജാ നടത്തിപ്പിന്റെയും ബലിതര്‍പ്പണത്തിന്റെയും പ്രാധാന്യം മനസിലാക്കി കൊടുക്കുകയും തിരുമുല്ലവാരത്ത് കര്‍ക്കടക വാവിന് ബലിതര്‍പ്പണത്തില്‍ ആചാര്യ സ്ഥാനം വഹിക്കുകയും ചെയ്തു. ആര്‍എസ്എസാണ് അനിലിനെ സംഘാടകനാക്കിയത്. സംഘത്തിലെ വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളിലും സജീവമായി പ്രവര്‍ത്തിച്ചു.തീര്‍ത്ഥാടനമായിരുന്നു അനിലിന്റെ ജീവിതം.
അയോദ്ധ്യയില്‍, കാശിയില്‍ തുടങ്ങി ഭാരതത്തിലുടനീളമുള്ള പുണ്യകേന്ദ്രങ്ങളില്‍ അനില്‍ പലതവണ യാത്ര ചെയ്തു. ആ തീര്‍ത്ഥാടന പുണ്യമത്രയും നാടിന് പകര്‍ന്നാണ് ജീവിതം പകുതിയില്‍ നിര്‍ത്തി അനില്‍കുമാര്‍ വിടവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: