ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഏഴു പേര് മരിച്ചു. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
രാത്രി 11.30 പിന്നിടുമ്പോഴും തീപ്പിടിത്തം നിയന്ത്രണവിധേയമായിട്ടില്ല. നാലുനില കെട്ടിടത്തിന്റെ പലഭാഗങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്. നൂറിലധികം പേരാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. സംഭവസമയത്ത് ലിഫ്റ്റില്‍ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി. ആശുപത്രിയിലുണ്ടായിരുന്നവരെ രോഗികളെ മുഴുവൻ രാത്രി 11.30ഓടെ പുറത്തെത്തിച്ചു.
അതിനിടെ മരിച്ച ഏഴു പേരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. തേനി സ്വദേശി സുരുളി (50), ഇദ്ദേഹത്തിന്റെ ഭാര്യ സുബ്ബലക്ഷ്മി (45), മാരിയമ്മാൾ (50) , മാരിയമ്മാളിന്റെ മകൻ മണി മുരുഗൻ (28), രാജശേഖർ (35) എന്നിവരാണ് മരിച്ച അഞ്ചുപേര്‍. മൂന്നു വയസുകാരനടക്കം മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മന്ത്രി ഐ. പെരിയസാമി, ജില്ല കലക്ടർ പൂങ്കൊടി അടക്കം പ്രമുഖർ സ്ഥലത്തെത്തി.
50ലധികം ആംബുലന്‍സുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ആശുപത്രിയിലെത്തിച്ചത്. രോഗികളെ മുഴുവൻ രാത്രി വൈകി മറ്റു ആശുപത്രികളിലേക്ക് മാറ്റി. 100ലധികം രോഗികള്‍ക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്.
നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. താഴത്തെ നിലയിൽ നിന്ന് തീയും പുകയും മുകളിലേക്ക് ഉയരുകയായിരുന്നു. ചില രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പൊള്ളലേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്.. 28 പേര്‍ക്കാണ് പൊള്ളലേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: