വിവാഹമോചനത്തിന്റെ വക്കിലെത്തിയ ഒരു വഴക്കിനെക്കുറിച്ചും അത് പരിഹരിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് നടി പ്രിയ മോഹനും ഭർത്താവ് നിഹാൽ പിള്ളയും. വിവാഹമോചനത്തിനായി വക്കീലിന്റെ അടുക്കൽ വരെ പോയെന്നും പ്രിയയുടെ സഹോദരിയും നടിയുമായ പൂർണിമയും ഭർത്താവ് ഇന്ദ്രജിത്തും ഇടപെട്ടാണ് പരിഹരിച്ചതെന്നും പ്രിയയും നിഹാലും പറയുന്നു. പുതിയ വ്ലോഗിലാണ് താരങ്ങൾ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്
മൂന്ന് വർഷത്തിന് മുമ്പ് തങ്ങൾക്കിടയിൽ ഒരു വഴക്ക് നടന്നെന്നും മിഡ് ലൈഫ് ക്രൈസിസ് ആണെന്ന് അതിനെ വേണമെങ്കിൽ പറയാം എന്നുമാണ് നിഹാലും പ്രിയയും പറയുന്നത്. വക്കീലൻമാരെ വരെ കണ്ടു. എടുത്തുപറയാനായിട്ട് കാരണം ഒന്നും ഉണ്ടായിരുന്നില്ല. ഫ്രസ്ട്രേഷനും എടുത്തുചാട്ടവും ആയിരുന്നു. ”എടുത്ത് പറയാനായി ഒരു കാരണവുമുണ്ടായിരുന്നില്ല. ചിലപ്പോൾ അന്നത്തെ സാമ്പത്തിക സാഹചര്യം കൊണ്ട് കൂടി ആയിരിക്കാം ആ പ്രതിസന്ധി ഉണ്ടായതെന്നാണ് നിഹാൽ പറയുന്നത്
മകൻ ജനിച്ച സമയത്തായിരുന്നു പ്രശ്നങ്ങൾ എന്നും അന്ന് കുടുംബം ഇടപെട്ടതിനാലാകാം പെട്ടെന്നൊരു വിവാഹ മോചന ചിന്ത മാറിപ്പോയതെന്ന് പ്രിയ പറയുന്നു. അനുവും ( പൂർണിമ ) ഇന്ദ്രേട്ടനും ഞങ്ങളോട് സംസാരിച്ചിരുന്നു. ഒന്നും സംസാരിക്കാതെ പോയിരുന്നെങ്കിൽ വിവാഹ മോചനത്തിൽ എത്തുമായിരുന്നു. പരസ്പരം സംസാരിച്ച് പരിഹരിക്കൂ, കുറച്ച് കൂടി സമയം കൊടുക്കൂ എന്നാണ് അനുവും ഇന്ദ്രേട്ടനും പറഞ്ഞത്, പ്രിയ പറഞ്ഞു.
അവർ ഇടപെട്ടത് കൊണ്ട് മാത്രമല്ല, പിരിയാതിരുന്നതെന്നും ആ തീരുമാനം ഒരു എടുത്ത് ചാട്ടം ആയിപ്പോയെന്ന് സ്വയം തോന്നിയിരുന്നെന്നും നിഹാൽ പറയുന്നു. ഇന്നത്തെ കാലത്ത് വേർപിരിയൽ എളുപ്പമാണ്. പക്ഷേ പ്രശ്നം പരിഹരിക്കുന്നത് ബുദ്ധിമുട്ടാണ്.
പ്രത്യേകിച്ചും പെൺകുട്ടികൾ അത്യാവശ്യം സാമ്പത്തികമായി നല്ല നിലയിലാണെങ്കിൽ അവരുടെ ദാമ്പത്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ വീട്ടുകാർ ആദ്യം പറയുക നമുക്ക് നോക്കാം വന്നോ എന്നാകുമെന്നും നിഹാൽ പറയുന്നു. ഈഗോയും സാമ്പത്തിക സ്വാതന്ത്ര്യവും ഉള്ള ഇക്കാലത്ത് വിവാഹ മോചനം എന്നത് എളുപ്പമാണെന്നും പക്ഷേ ആ പ്രശ്നങ്ങൾ പരിഹരിക്കലാണ് പ്രയാസമെന്നും നിഹാൽ പറഞ്ഞു.
കല്യാണം കഴിഞ്ഞ സമയത്ത് സീരിയലിൽ അഭിനയിച്ചിരുന്നു. മകൻ വേദു വന്നതോടെയാണ് മുഴുവൻ സമയവും വീട്ടിലാകുന്നത് പ്രസവാനന്തരം കുറച്ച് വിഷാദ അവസ്ഥ വരുമല്ലോ. ഹോർമോൺ വ്യതിയാനങ്ങളും മുഴുവൻ സമയം കുഞ്ഞിനെ നോക്കലുമൊക്കെ ആയതോടെയാണ് സമ്മർദ്ദം അനുഭവപ്പെടാൻ തുടങ്ങിയത്. ആ സമയത്താണ് തങ്ങൾ വഴക്കിട്ട് തുടങ്ങിയതെന്നും പ്രിയ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: