ഗുവാഹത്തി : അപേക്ഷകനോ കുടുംബമോ എൻആർസിയിൽ അപേക്ഷിച്ചിട്ടില്ലെങ്കിൽ തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനുള്ള എല്ലാ അപേക്ഷകളും നിരസിക്കുമെന്ന് അസം സർക്കാർ ബുധനാഴ്ച അറിയിച്ചു. ബംഗ്ലാദേശിലെ അനധികൃത നുഴഞ്ഞുകയറ്റ ശ്രമം കണക്കിലെടുത്താണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
“കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി നുഴഞ്ഞുകയറ്റക്കാരെ അസം പോലീസും ത്രിപുര പോലീസും ബിഎസ്എഫും പിടികൂടിയിട്ടുണ്ട്. അതുകൊണ്ടാണ് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം നമ്മെ ആശങ്കപ്പെടുത്തുന്നത്. ഞങ്ങളുടെ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്, അതുകൊണ്ടാണ് ആധാർ കാർഡ് സംവിധാനം കർശനമാക്കാൻ ഞങ്ങൾ തീരുമാനിച്ചത്, ”-അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി മുതൽ ആധാർ അപേക്ഷകരുടെ വെരിഫിക്കേഷൻ നടത്തുന്നതിനുള്ള നോഡൽ ഏജൻസി സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പായിരിക്കുമെന്നും എല്ലാ ജില്ലകളിലും ഒരു അഡീഷണൽ ജില്ലാ കമ്മീഷണർ ബന്ധപ്പെട്ട വ്യക്തിയായിരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ശർമ്മ പറഞ്ഞു.
കൂടാതെ പ്രാരംഭ അപേക്ഷയ്ക്ക് ശേഷം യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അത് സംസ്ഥാന സർക്കാരിന് പരിശോധനയ്ക്കായി അയയ്ക്കും. അപേക്ഷകനോ അയാളുടെ മാതാപിതാക്കളോ കുടുംബമോ എൻആർസിയിൽ ഉൾപ്പെടുത്താൻ അപേക്ഷിച്ചിട്ടുണ്ടോ എന്ന് ആദ്യം ലോക്കൽ സർക്കിൾ ഓഫീസർ (സിഒ) പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൻആർസിക്ക് അപേക്ഷ ഇല്ലെങ്കിൽ ആധാർ അപേക്ഷ ഉടൻ നിരസിക്കുമെന്നും അതനുസരിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം എൻആർസിക്ക് അപേക്ഷയുണ്ടെന്ന് കണ്ടെത്തിയാൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം സിഒ ഫീൽഡ് തല പരിശോധനയ്ക്ക് പോകും. ഉദ്യോഗസ്ഥന് പൂർണമായി ബോധ്യപ്പെട്ട ശേഷം ആധാറിന് അംഗീകാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഓഗസ്റ്റ് 31-ന് പുറത്തിറക്കിയ അന്തിമ എൻആർസിയിൽ 19,06,657 അപേക്ഷകരെ ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം 3,30,27,661 അപേക്ഷകരിൽ 3,11,21,004 പേരുകൾ ഉൾപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: