ഗുരുവായൂര്‍ : ഏകാദശി ദിവസമായ ഇന്നലെ ഗുരുവായൂരില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തിരക്കേറെയായിരുന്നു.
രാവിലെ പാര്‍ഥസാരഥി ക്ഷേത്രത്തിലേയ്ക്ക് പല്ലശ്ശന മുരളിയുടേയും, കലാമണ്ഡലം ഹരിനാരായണന്റേയും നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോടേയുള്ള എഴുന്നെള്ളിപ്പിന് കൊമ്പന് ഗോകുല്‍ ഭഗവാന്റെ തങ്കതിടമ്പേറ്റി. രാവിലെ 6.30 ന് പുറപ്പെട്ട പാര്‍ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നള്ളിപ്പ് ഒമ്പത് മണിയോടെ തിരിച്ചെത്തി.
ഏകാദശിവ്രതമെടുത്ത ഭക്തര്‍ക്ക് പ്രസാദ ഊട്ടിന് വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരുന്നത്. തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന് ഓഡിറ്റോറിയത്തിലും, അന്നലക്ഷ്മി ഹാളിലുമായി ഗോതമ്പുചോറ്, കാളന്, പുഴുക്ക്, ഗോതമ്പുപായസം എന്നിവയോടെയായുള്ള വിഭവ സമൃദ്ധമായ ഏകാദശി വിഭവങ്ങളായിരുന്നു ഒരുക്കിയിരുന്നത്. അമ്പതിനായിരത്തോളം ഭക്തര്‍ ഏകാദശി ഊട്ടില്‍ പങ്കുകൊണ്ടു. വൈകുന്നേരം ക്ഷേത്രത്തില്‍ കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവയുമുണ്ടായി.
ഏകാദശി ഗീതാദിനം കൂടിയാണെന്നതിന്റെ ഭാഗമായി സന്ധ്യക്ക് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണന് അര്ജുനന് ഗീതോപദേശം നല്‍കുന്നതിന്റെ പ്രതിമ സ്ഥാപിച്ച രഥം, നാമജപ മന്ത്രങ്ങളോടെയും, വാദ്യമേളങ്ങളോടെയും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു.
രാത്രി വിളക്കെഴുന്നെള്ളിപ്പിലും കൊമ്പന് ഇന്ദ്രസെന്‍ ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റി. വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടയ്ക്കാ നാദസ്വരത്തോടും, അഞ്ചാം പ്രദക്ഷിണം മേളത്തിന്റെ അകമ്പടിയോടും കൂടി പൂര്‍ത്തിയായപ്പോള്‍, കണ്ണന്റെ അകത്തളം നറുനെയ്യിന്റെ നിറശോഭയില്‍ തെളിഞ്ഞുനിന്നു. ഏകാദശിയോടനുബന്ധിച്ച് കഴിഞ്ഞ ഒരുമാസമായി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന ചുറ്റുവിളക്കാഘോഷത്തിന് ഇന്നലെ സമാപനമായി. ഗുരുവായൂര്‍ അസി: കമ്മീഷണര്‍ കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും, ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരും, എന്‍.സി.സി കാഡറ്റുകളും ചേര്‍ന്ന് സുരക്ഷ സംവിധാനമൊരുക്കി.
ഏകാദശി വ്രതാനുഷ്ഠാനം പൂര്‍ണ്ണമാകണമെങ്കില്‍ ദ്വാദശിപ്പണം വെച്ച് നമസ്കരിക്കുക എന്ന ചടങ്ങ് അതിപ്രധാനമാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ ക്ഷേത്രകൂത്തമ്പലത്തില്‍ ദക്ഷിണ സ്വീകരിച്ച് അനുഗ്രഹിക്കാന്‍ അഗ്നി ഹോത്രകള് ഉപവിഷ്ടരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: