ശ്രീ ഗുരുവായൂരപ്പനെ പ്രകീര്‍ത്തിക്കുന്നതും ശ്രീമദ്ഭാഗവത പുരാണത്തിന്റെ സംഗ്രഹവുമായ നാരായണീയം 100 ദശകങ്ങളില്‍ 1036 പദ്യങ്ങളിലായി സംഗ്രഹിക്കപ്പെട്ടിരിക്കുന്ന ഒരു മഹത്തായ രചനയാണ്. വെറും 100 ദിവസങ്ങള്‍ കൊണ്ടാണ് ഇതിന്റെ രചന മഹാപണ്ഡിതനും കൃഷ്ണ ഭക്തനുമായ മേല്പുത്തൂര് നാരായണ ഭട്ടതിരിപ്പാട് പൂര്‍ത്തിയാക്കിയത്. കൊല്ലവര്‍ഷം 762 വൃശ്ചിക മാസം 28-ാം തീയതി ഞായറാഴ്ചയും ചോതിനക്ഷത്രവും കൃഷ്ണദ്വാദശിയും കൂടിയ ശുഭദിനത്തിലാണ് നാരായണ ഭട്ടതിരി നാരായണീയ സ്തോത്ര സമാപ്തി വരുത്തിയത്
നാരായണ ഭട്ടതിരിയുടെ ജീവിതകാലം 1560 മുതല്‍ 1646 വരെയാണ് എന്നാണ് പണ്ഡിതമതം. മലപ്പുറം ജില്ലയിലെ തിരുനാവായയ്ക്കടുത്ത് കുറുമ്പത്തൂര്‍ അംശത്തിലാണ് ജന്മഗൃഹമായ മേല്പുത്തൂര് ഇല്ലം. നാലു ഗുരുക്കന്മാരില് നിന്നും വിദ്യാഭ്യാസം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പ്രക്രിയാസര്‍വസ്വത്തിന്റെ ‘മീമാംസാദി സ്വതാതാന്നിഗമമവികലം മാധവചാര്യ വര്യാത്…’ എന്ന് തുടങ്ങുന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്. യഥാകാലമുള്ള ഉപനയനത്തിനുശേഷം മാധവനോതിക്കന്‍ എന്ന പണ്ഡിതനില്‍നിന്ന് വേദപാഠങ്ങളും സംസ്കൃതവും ഗുരുകുല സമ്പ്രദായപ്രകാരം പഠിച്ചു. അച്ഛനായ മാതൃദത്തനില്‍ നിന്നും ഭട്ടമീമാംസയും പ്രഭാകരമീമാംസയും വേദാന്തവും സാംഖ്യ യോഗാദിശാസ്ത്രങ്ങളും അഭ്യസിച്ചു. ജ്യേഷ്ഠനായ ദാമോദരനില്‍ നിന്ന് തര്‍ക്കശാസ്ത്രത്തില്‍ വ്യുല്‍പ്പത്തി നേടി.
തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടിയെ പരമ ഗുരുവായി സ്വീകരിച്ച് വ്യാകരണം പഠിച്ചു. അദ്ദേഹത്തിന്റെ മരുമകളെയാണ് വിവാഹം കഴിച്ചത്. ഗുരുവിന് കലശലായ വാതരോഗം ബാധിച്ചപ്പോള്‍ അത് സ്വശരീരത്തിലേക്ക് ഉഴിഞ്ഞുവാങ്ങി സ്വയം വാതരോഗിയായി എന്നാണ് വിശ്വാസം. നിരവധി ചികിത്സകളും പ്രായശ്ചിത്തങ്ങളും ചെയ്തിട്ടും ഫലംകാണാതെ ഗുരുവായൂരില്‍ എത്തി വാതാലയനാഥനു മുമ്പില്‍ ഭജനം പാര്‍ത്തു. ജനമേജയന്റെ പുത്രനായ പരീക്ഷിത്തിന് രോഗം വന്നപ്പോള്‍ വാതാലയാധിപനായ ഗുരുവായൂരപ്പനാണല്ലോ രോഗം മാറ്റിക്കൊടുത്തത്. ഗുരുവായൂര്‍ ഭജനം വാതരോഗ നിവാരണത്തിന് നല്ലതാണെന്ന വിശ്വാസം അക്കാലത്തുണ്ടായിരുന്നു. തന്റെ രോഗശമനത്തിന് മാര്‍ഗ്ഗമുപദേശിക്കാന്‍ ഒരു അനുചരനെ തുഞ്ചത്തെഴുത്തച്ഛന്റെ സമീപത്തേക്ക് അയച്ചു എന്നും എഴുത്തച്ഛന് ‘മീന്‍ തൊട്ടുകൂട്ടൂ’എന്ന് പറഞ്ഞയച്ചു എന്നും കഥയുണ്ട്. എഴുത്തച്ഛന്റെ ധിക്കാരമായി അനുചരന് ഭട്ടതിരിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ മത്സ്യാവതാരം തുടങ്ങി ഭഗവത്കഥ വര്‍ണ്ണിക്കുന്ന ഒരു കൃതി രചിക്കുക എന്നതാണ് എഴുത്തച്ഛന് നിര്‍ദ്ദേശിച്ചത് എന്ന് ഭട്ടതിരിക്ക് ബോധ്യമായി.
വെട്ടത്തു നാട്ടില്‍ അന്ന് രാമായണ – ഭാഗവത- ഭാരതങ്ങളെ സംബന്ധിച്ച് ബഹുമുഖങ്ങളായ പഠനങ്ങളും വ്യാഖ്യാനങ്ങളും സംഗ്രഹങ്ങളും നടന്നിരുന്നു. അന്നു വെട്ടത്തുനാട് വാണിരുന്ന രാജരാജവര്‍മ്മ തമ്പുരാനും അദ്ദേഹത്തിന്റെ അനുജന് രവിവര്‍മ്മ തമ്പുരാനും
സ്വയം പണ്ഡിതരും, കവികളെയും പണ്ഡിതരെയും ബഹുമാനിക്കുന്നവരുമായിരുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ ഭാഗവതം കിളിപ്പാട്ട് നിര്‍മ്മിച്ചു കഴിഞ്ഞുള്ള കാലവുമാണത്. അതുകൊണ്ടാവാം എഴുത്തച്ഛന് മേല്പുത്തൂരിനോട് മീന്‍ തൊട്ടുകൂട്ടാന്‍- ഭാഗവതത്തിലെ മത്സ്യ അവതാരകഥകളെ വര്‍ണ്ണിച്ചു സ്തോത്രം ഉണ്ടാക്കാന്‍- പറഞ്ഞതിന് കാരണവും. ഇങ്ങനെ ഭാഗവതമയമായ ഒരു അന്തരീക്ഷത്തിലാണ് മേല്പുത്തൂര് ഭട്ടതിരി ഗുരുവായൂര്‍ക്ക് ഭജനത്തിനു പോയത്.
ഓണദിവസം നേരത്തെ ഊണുകഴിഞ്ഞ് തിരൂര്‍ പൊന്നാനിപ്പുഴ വഴിക്ക് വഞ്ചിയില്‍ പു
റപ്പെട്ട് പിറ്റേദിവസം പുലരുമ്പോഴേക്കും ഭട്ടത്തിരി അനുജനോടൊപ്പം ഗുരുവായൂര്‍ എത്തിയിട്ടുണ്ടാവുമെന്നും അതിന്റെ പിറ്റേദിവസം ഭജനവും തുടങ്ങിയിട്ടുണ്ടാവുമെന്നും അന്ന് ചിങ്ങം 21-ാം തീയതി ആയിരിക്കുമെന്നും നാരായണീയത്തിന്റെ വനമാലാവ്യാഖ്യാനത്തിന്റെ ആമുഖത്തില്‍ പറയുന്നു.
ദിവസവും 10 ശ്ലോകം വീതം രചിച്ച് ഗുരുവായൂരപ്പനെ സ്തുതിക്കുകയും അങ്ങനെ നൂറു ദിവസം കൊണ്ട് ഭാഗവത സംഗ്രഹം പൂര്‍ത്തിയാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ഭജനം തുടങ്ങിയത്. എന്നാല്‍ കഠിനമായ രോഗബാധയാല്‍ ചലനശേഷിക്ക് ബുദ്ധിമുട്ടു നേരിട്ടതിനാല്‍ ആദ്യ ശ്ലോകങ്ങള്‍ പകര്‍ത്തിയെഴുതിയത് അനുജനായ മാതൃദത്തനായിരുന്നു. ശ്ലോകരചന മുന്നോട്ടുനീങ്ങവേ രണ്ടു കൈകളുടെയും വേദന സാവധാനം കുറയുകയും സ്വയമേവ എഴുതാം എന്നുള്ള നിലയില്‍ ആവുകയും ചെയ്തു. ആദ്യ രണ്ടു ദിവസം ഭജനം വിചാരിച്ചത് പോലെ നടന്നെങ്കിലും മൂന്നാം ദിവസം വാതം കോപിക്കുകയും അനുജന്റെ സഹായത്താല്‍ വളരെ കഷ്ടപ്പെട്ട് രചന തുടരുകയുമാണുണ്ടായത്. അന്നു രചിച്ച ശ്ലോകങ്ങളെല്ലാം മേല്പുത്തൂരിന്റെ ആര്ത്ത പ്രലാപനമാണ്. ഭജനം നിര്‍ത്തണമോ തുടരണമോ എന്നുള്ള ചിന്തയുടെ ആന്ദോളനമാണ് മൂന്നാം ദശകത്തില്‍ ഉടനീളം കാണുന്നത്.
നാലാം ദശകം തുടങ്ങുന്നതും എന്റെ രോഗം മാറ്റിത്തരണേ എന്ന് പറഞ്ഞു കൊണ്ടാണ്. പിന്നെ മിക്ക ദശകവും അവസാനിപ്പിക്കുന്നത് എന്റെ രോഗങ്ങള്‍ മാറ്റിത്തരണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ്. തൊണ്ണൂറ്റൊമ്പതാം ദശകത്തിന്റെ അവസാനം വരെ രോഗപീഡകള്‍ അനുഭവിച്ചുകൊണ്ടുതന്നെയാണ് ഭജനവും സ്തോത്ര രചനയും തുടരുന്നത്. ‘പവനപുരപതേ! പാഹി മാം കൃഷ്ണ! രോഗാത്’ എന്നാണ് തൊണ്ണൂറ്റൊമ്പതാം ദശകത്തിന്റെ സമാപ്തവാക്യം.
നൂറാം ദിവസം ഗുരുവായൂരപ്പന് മേല്പുത്തൂരിന് വേണുഗോപാലമൂര്‍ത്തിയുടെ രൂപത്തില്‍ ദര്‍ശനം നല്കി. ആ സാക്ഷാത്ക്കാരമാണ് ‘അഗ്രേ പശ്യാമി തേജോനിബിഡതരകളായാവലീലോഭനീയം..’ എന്നു തുടങ്ങുന്ന നൂറാം ദശകത്തില്‍ വര്‍ണ്ണിക്കപ്പെടുന്നത്. ആ തേജസിന്റെ ദര്‍ശനത്തോടെ മേല്പുത്തൂരിന്റെ സകല വേദനകളും മാറി. കൊല്ലവര്‍ഷം 762 വൃശ്ചികമാസം 28-ാം തിയതി ഞായറാഴ്ച ചോതിയും കൃഷ്ണദ്വാദശിയും കൂടിയ ശുഭദിനത്തിലാണ് നാരായണ ഭട്ടതിരി നാരായണീയ സ്തോത്രം പൂര്‍ത്തിയാക്കിയതെന്ന് മുന്‍പു സൂചിപ്പിച്ചിരുന്നു. ആ ദിവസമാണ് നാരായണീയ ദിനമായി ഭക്തര്‍ ആഘോഷിക്കുന്നത്.
നൂറു ദശകങ്ങളിലും കൂടി 1036 ശ്ലോകങ്ങള്‍ ആണുള്ളത്. ദശകം എന്നു പറഞ്ഞാല്‍ പത്തു ശ്ലോകം കൂടിയത് എന്നാണ് അര്‍ത്ഥമെങ്കിലും വിഷയ ക്രമീകരണം മൂലം ചില ദശകങ്ങളില്‍ പത്തിലധികം ശ്ലോകങ്ങള്‍ വന്നിട്ടുള്ളതിനാലാണ് പദ്യസംഖ്യ 1036 ആയത്. ദീര്‍ഘമായ ഭാഗവതകഥ എത്രയും ചുരുക്കി അവതരിപ്പിക്കുന്നതിന് മേല്പുത്തൂരിനുള്ള കഴിവ് രാമായണ കഥ പ്രതിപാദിക്കുന്ന രണ്ടു ദശകം കൊണ്ട് ഉദാഹരിക്കാവുന്നതാണ്. ശ്രീമദ് ഭാഗവതം നവമസ്കന്ധത്തില്‍ പത്ത്, പതിനൊന്ന് അധ്യായങ്ങളിലായി വര്‍ണിച്ചിട്ടുള്ളത് അതില്‍ പറയാത്ത ചില കഥാംശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് 34, 35 ദശകങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു.
നാരായണീയത്തിലെ പല ദശകങ്ങളും അതിന്റെ കാവ്യാത്മകത കൊണ്ട് പ്രസിദ്ധമാണ്. കേവലം ഒരു ഭക്തകവി മാത്രമായിരുന്നില്ല മേല്പുത്തൂര്. അദ്ദേഹം ഏറ്റവും വ്യുല്പത്തി നേടിയ ശാസ്ത്രം വ്യാകരണമായിരുന്നു. നാരായണീയം രചിച്ച് 28 വര്‍ഷങ്ങള്‍ക്ക് ശേഷം രചിച്ച പ്രക്രിയാ സര്‍വസ്വം എന്ന വ്യാകരണ കൃതിയെ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനകൃതിയായി പണ്ഡിതന്മാര് കരുതുന്നു. അന്ന് ലഭ്യമായിരുന്ന സംസ്കൃത വ്യാകരണ ഗ്രന്ഥസമുച്ചയം ഏറെക്കുറെ മുഴുവന്‍ കടഞ്ഞെടുത്ത സാരസംഗ്രഹമാണിത്. ധാതു കാവ്യം, അപാണിനീയ പ്രാമാണ്യസാധനം എന്നിവയും അദ്ദേഹത്തിന്റെ വ്യാകരണ കൃതികളാണ്. മലയാളത്തില്‍ ഭട്ടതിരി ഒന്നും എഴുതിയിട്ടുള്ളതായി കാണുന്നില്ല. അദ്ദേഹത്തിന്റെ കൃതികളെ ഇങ്ങനെ തരം തിരിക്കാം. 1. മുക്തകങ്ങള്‍, 2. പ്രശസ്തികള്‍, 3. സ്തോത്രങ്ങള്‍, 4. ചമ്പുക്കള്‍ (പ്രബന്ധങ്ങള്‍) , 5. ശാസ്ത്രഗ്രന്ഥങ്ങള്‍.
കേവലം ഒരു ഭക്തകവി എന്നതിനപ്പുറം മഹാപണ്ഡിതനായ കേരളീയ സാഹിത്യപ്രതിഭാ നക്ഷത്രമാണ് അദ്ദേഹം എന്നുതന്നെ പറയാം. ഭാരതത്തിനു ലഭിച്ച ഒരു പുണ്യ പുരുഷനാണ് മേല്പുത്തൂര് നാരായണ ഭട്ടതിരിപ്പാട്. കേവല ഭക്തിക്ക് പൂന്താനം എന്നതുപോലെ വിഭക്തി വിശിഷ്ടമായ ഭക്തിക്ക് ഭട്ടതിരി ഉത്തമ നിദര്‍ശനമാകുന്നു. ഭാഗവതത്തിലെ ഉദ്ധവരുടെ സ്ഥാനമാണ് ഭഗവാന്റെ അടുത്ത് ഭട്ടതിരിയ്ക്കുള്ളതെന്നതില് സന്ദേഹമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: