ഗ്വാളിയോര്‍: തെലുങ്ക് നടൻ അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ 2 ന്റെ പ്രദർശനത്തിനിടെയുണ്ടായ ശാരീരിക തർക്കത്തിനിടെ തീയറ്റർ കാൻ്റീനിലെ ജീവനക്കാർ മറ്റൊരാളുടെ ചെവി കടിച്ചെടുത്തതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഫാൽക്ക ബസാർ ഏരിയയിലെ കാജൽ ടാക്കീസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇൻ്റർവെൽ സമയത്ത്, ഇരയായ ഗുഡ ഗുഡി നാകയിലെ താമസക്കാരനായ ഷബീർ ഖാനും കാൻ്റീനിലെ ജീവനക്കാരായ രാജു, ചന്ദൻ, എം എ ഖാൻ എന്നിവരും ലഘുഭക്ഷണത്തിനും മറ്റ് പലഹാരങ്ങൾക്കും പണം നൽകുന്നതിനെ ചൊല്ലി തർക്കത്തിലേർപ്പെട്ടു.
വാക്കുതർക്കം വാക്കേറ്റത്തിലേക്ക് നീങ്ങി, ഇതിനിടയിൽ കാൻ്റീനിലെ ജീവനക്കാരിലൊരാൾ ഖാന്റെ ചെവി കടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായി രക്തം വാർന്നു കിടന്നയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖാന്റെ ചെവിയിൽ എട്ട് തുന്നലുകളോടെ ചെറിയ ശസ്ത്രക്രിയ നടത്തി.
പിന്നീട് ഖാൻ പ്രതികൾക്കെതിരെ ഇന്ദർഗഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും മെഡിക്കൽ റിപ്പോർട്ട് എടുക്കുകയും ചെയ്തു. ഐപിസി സെക്ഷൻ 294 (അശ്ലീല പ്രവൃത്തികൾ), 323 (സ്വമേധയാ മുറിവേൽപ്പിക്കുക), 34 (ഒരു പൊതു ഉദ്ദേശ്യം മുൻനിർത്തി നിരവധി ആളുകൾ ചെയ്ത പ്രവൃത്തികൾ) എന്നിവ പ്രകാരം കേസെടുത്തു.
കൈകളും കാലുകളും ബന്ധിച്ചിരിക്കുന്ന അല്ലു അർജുൻ ശത്രുക്കളെ കടിച്ചുകീറി പോരാടുന്ന ചിത്രത്തിലെ അവസാന സ്റ്റണ്ട് സീക്വൻസുമായി ഈ കുറ്റകൃത്യത്തെ താരതമ്യം ചെയ്യുന്നുണ്ട്.
മാധ്യമങ്ങളുടെ “നിഷേധാത്മക സ്വാധീനം” സാധാരണക്കാരെ ഗുണ്ടാസംഘങ്ങളെപ്പോലെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് ഇര പിന്നീട് പറഞ്ഞു. “ഇത്തരം സിനിമകൾ ആളുകളിൽ ചെലുത്തുന്ന സ്വാധീനം അപകടകരമാണ്. ഈ പ്രവൃത്തികൾ യഥാർഥ ജീവിതത്തിൽ അനുകരിക്കാൻ കഴിയുമെന്ന് അവർ കരുതുന്നു, ” അദ്ദേഹത്തെ ഉദ്ധരിച്ച് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാവിയിൽ ഇത്തരം ക്രൂരമായ പ്രവൃത്തികൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: