ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഗജരാജന്‍ ഗുരുവായൂര്‍ കേശവന് അനുസ്മരണം നടത്തി. കേശവന് ശ്രദ്ധാഞ്ജലിയര്‍പ്പിക്കാന്‍ ദേവസ്വം കൊമ്പന്മാര്ക്കൊപ്പം ഭക്തജനങ്ങളുമെത്തി. രാവിലെ ആറര മണിയോടെ തിരുവെങ്കിടത്തു നിന്ന് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രവും വഹിച്ചുള്ള ഗജഘോഷയാത്ര ആരംഭിച്ചു. ആനകള്‍ തമ്മിലും ഭക്തജനങ്ങളും ആനകളും തമ്മിലുള്ള അകലവും പാലിച്ചായിരുന്നു ഗജഘോഷയാത്ര.
ദേവസ്വം കൊമ്പന് ഇന്ദ്രസെന്‍ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രം ശിരസിലേറ്റി. കൊമ്പന് ബല്‍റാം ശ്രീഗുരുവായൂരപ്പന്റെ ചിത്രവും, കൊമ്പന് വിഷ്ണു ഭഗവതിയുടെ ചിത്രവും ശിരസില്‍ വഹിച്ചു. കൊമ്പന് ശ്രീധരനും, പിടിയാന ദേവിയും ഘോഷയാത്രയില്‍ അണിനിരന്നു. രാവിലെ ഏഴേ മുക്കാലോടെ ഗജഘോഷയാത്ര ഗുരുവായൂര്‍ കിഴക്കേനടയിലെത്തി. ശ്രീഗുരുവായൂരപ്പനെ തൊഴുത് ക്ഷേത്രം വലംവെച്ച ശേഷമാണ് ഘോഷയാത്ര ശ്രീവല്‍സത്തിന് മുന്നിലെ കേശവന് പ്രതിമയ്ക്ക് മുന്നിലെത്തിയത്. ദേവസ്വം കൊമ്പന് ഇന്ദ്രസെന്‍ കേശവന്റെ പ്രതിമക്ക് മുന്നില്‍ തുമ്പിക്കൈ ഉയര്‍ത്തി തന്റെ മുന്‍ഗാമിക്ക് പ്രണാമമര്‍പ്പിച്ചു.
തുടര്‍ന്ന് പ്രതിമക്ക് വലംവെച്ചു അഭിവാദ്യമേകി. ദേവസ്വം ആനകളായ അക്ഷയ കൃഷ്ണന്, ഗോപീകണ്ണന്, വിനായകന്, പീതാംബരന്, ദേവി എന്നിവര്‍ നേരത്തെയെത്തി കേശവന് ശ്രദ്ധാഞ്ജലി നേരാന്‍ അണിനിരന്നു. ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് ഗുരുവായൂര്‍ കേശവന്റെ പ്രതിമക്ക് മുന്നില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥന്, വി.ജി. രവീന്ദ്രന്, മനോജ് ബി. നായര്‍, ദേവസ്വം അഡ്മിനിസ്ടേറ്റര്‍ കെ.പി. വിനയന് എന്നിവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: