ബെംഗളൂരു: മന്മോഹന് സിങ്ങിന് പകരം പ്രധാനമന്ത്രിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയ വ്യക്തി. എന്നാല്‍ സോണിയ ഉള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അനിഷ്ടം തിരിച്ചടിയായി. എസ്.എം. കൃഷ്ണയുടെ രാഷ്ട്രീയ ജീവീതം ഏറ്റക്കുറച്ചിലുകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. 2004ല്‍ യുപിഎ അധികാരത്തില്‍ വന്നപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ യഥാര്‍ത്ഥ മുഖം കൃഷ്ണ മനസിലാക്കുന്നത്. കേന്ദ്രത്തില്‍ സ്ഥിതി അസ്ഥിരമായപ്പോള്‍ സോണിയ പ്രധാനമന്ത്രിയാകുന്നതിനെതിരെ രാജ്യവ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നു. ഇതേതുടര്‍ന്ന് വിട്ടുനില്‍ക്കാന്‍ സോണിയ നിര്‍ബന്ധിതയായി. കൃഷ്ണയുടെ പേര് ഉയര്‍ന്നെങ്കിലും സോണിയ ടീം വെട്ടി. എസ്.എം. കൃഷ്ണ പ്രധാനമന്ത്രിയായാല്‍ അവരുടെ പിന് സീറ്റ് ഡ്രൈവിങ് നടക്കില്ലെന്നതായിരുന്നു കാരണം.
ഇക്കാര്യം കൃഷ്ണ ആത്മകഥയായ സ്മൃതിവാഹിനിയില് വ്യക്തമാക്കിയിട്ടുണ്ട്. എസ്.എം. കൃഷ്ണയെ ഒതുക്കാനുള്ള സോണിയയുടെ അടുത്ത വഴി അദ്ദേഹത്തെ മഹാരാഷ്ട്ര ഗവര്ണറാക്കുകയെന്നതായിരുന്നു. എന്നാല്‍ ഇതും കൃഷ്ണയെന്ന കരുത്തുറ്റ കന്നഡിഗന്റെ മുന്നില്‍ വിലപ്പോയില്ല.
2008ല്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവച്ച കൃഷ്ണ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നു. എന്നാല്‍ അപ്പോഴേക്കും കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളുണ്ടായി. സിദ്ധരാമയ്യ കോണ്‍ഗ്രസില്‍ ചേരുകയും സോണിയയുടെ കിച്ചന് കാബിനെറ്റിലെ അടുത്ത ആളാകുകയും ചെയ്തതോടെ കൃഷ്ണ വെറുമൊരു അഭയാര്‍ത്ഥി മാത്രമായി.
സംസ്ഥാന രാഷ്ട്രീയം പിന്നെ സാക്ഷിയായത് ബിജെപിയുടെ തേരോട്ടത്തിനായിരുന്നു. അപ്പോഴേക്കും കൃ്ഷണയെ കോണ്‍ഗ്രസ് പൂര്‍ണമായും തഴഞ്ഞിരുന്നു. മുന്‍പ് സോണിയയായിരുന്നെങ്കില്‍ പിന്നീട് സിദ്ധരാമയ്യയായിരുന്നു കൃഷ്ണക്ക് വഴിതടസമായത്. 2017 ജനുവരി 29ന് കൃഷ്ണ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. സ്വന്തം സമയം പര്‍ട്ടിക്കു വേണ്ടി കളഞ്ഞ ആളുകളെയല്ല മാനേജര്‍മാരെയാണ് പാര്‍ട്ടി ആശ്രയിക്കുന്നതെന്നും പാര്‍ട്ടി അദ്ദേഹത്തെ ഒതുക്കിയെന്നും വ്യാപക ആക്ഷേപമുണ്ടായിരുന്നു.
ബിജെപിയിലേക്ക് വന്നതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടായി. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ അദ്ദേഹം പിന്നീട് എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ബിജെപിക്കൊപ്പം നിലനിന്നു. എല്ലായ്പ്പോഴും തന്റെ കാഴ്ചപ്പാട് യാതൊരു മറയുമില്ലാതെ തുറന്നുപറഞ്ഞിരുന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: