കോഴിക്കോട്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടി കെ ആല്വിന്(20) ആണ് മരിച്ചത്. ബീച്ച് റോഡില്‍ ആണ് സംഭവം.
വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലെ ഒരു വാഹനം യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു അപകടം.
ആല്വിന് മൊബൈല്‍ ഉപയോഗിച്ച് റോഡില്‍ നിന്നും വീഡിയോ ചിത്രീകരിക്കവെ ഡിഫെന്‍ഡര്‍ കാര്‍ ആല്‍വിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഒപ്പം ഉണ്ടായിരുന്ന യുവാക്കള്‍ ഉടന്‍ തന്നെ ആല്‍വിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നേരത്തേ വിദേശത്തായിരുന്ന ആല്വിന് അസുഖബാധിതനായതിനെ തുടര്‍ന്ന് തിരിച്ച് നാട്ടിലെത്തി ചികിത്സ നടത്തി വരികയായിരുന്നു. അതിനിടെ ജോലി ചെയ്യുന്ന മോട്ടോര്‍ വാഹന കമ്പനിയുടെ പ്രമോഷണല്‍ വീഡിയോ ചിത്രീകണത്തിനിടെയാണ് അപകടം.ട്രിപ്പിള്‍ ലൈന്‍ ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടിയാണ് റീല്‍സ് ചിത്രീകരിച്ചത്.ആല്വിന് വീഡിയോഗ്രാഫി ചെയ്യുന്ന ആളാണ്.
മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: