തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കുമേറ്റ തിരിച്ചടി മറികടക്കാനാണ് വാര്‍ഡ് വിഭജനം നടത്തുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.വി.വി. രാജേഷ്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളില്‍ 70 വാര്‍ഡുകളിലും ഒന്നാം സ്ഥനത്ത് എന്‍ഡിഎയാണ്. 29 വാര്‍ഡുകളില്‍ യുഡിഎഫും മുന്നില്‍ വന്നു. ഒരു വാര്‍ഡില്‍ മാത്രമാണ് എല്‍ഡിഎഫ് ഒന്നാം സ്ഥാനത്തുള്ളത്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയുള്ള എല്ലാ പഞ്ചായത്തുകളിലും ഇതുതന്നെയാണ് സ്ഥിതി. ഇത് മറികടക്കുവാനാണ് വാര്‍ഡ് വിഭജനത്തിലൂടെ സിപിഎം ശ്രമിക്കുന്നതെന്ന് വി.വി. രാജേഷ് പറഞ്ഞു. അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ ബിജെപിയുടെ പ്രതിഷേധ ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്ന ജാഥാ ക്യാപ്റ്റന്‍ കൂടിയായ രാജേഷ്.
ഭരണകൂടം ജനതയെ ദ്രോഹിക്കുന്നതിന്റെ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി പ്രതിഷേധ ജാഥ സംഘടിപ്പിക്കുന്നത്. പശ്ചിമബംഗാളില്പ്പോലും മാര്‍ക്സിസ്റ്റു പാര്‍ട്ടി സ്വീകരിച്ചിട്ടില്ലാത്ത ഏറ്റവും വിലകുറഞ്ഞതും നിഗൂഢവുമായ മാര്‍ഗം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് തുറന്നുകാട്ടാനാണ് ഈ ജാഥ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നാടിനെത്തന്നെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ചില വ്യാജരേഖകള്‍ ഡീലിമിറ്റേഷന്‍ വേണ്ടി നിര്‍മിച്ചതായും രാജേഷ് കുറ്റപ്പെടുത്തി. നഗരസഭയിലെ 100 വാര്‍ഡുകളിലും ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സഞ്ചരിച്ച് 15ന് ജാഥ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: