തിരുവനന്തപുരം: വെള്ളായണി കായല്‍ ശുചീകരണത്തില്‍ ഒറ്റയാള്‍ പ്രവര്‍ത്തനം നടത്തുന്ന ബിനുവിന് ഫൈബര്‍ ബോട്ട് നല്കുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യുവജന വിഭാഗമായ യംഗ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്ററാണ് ബിനുവിന് ഫൈബര്‍ ബോട്ട് നല്‍കുന്നത്.
കായല്‍ തീരത്ത് വിനോദ സഞ്ചാരത്തിനെത്തുന്നവരുള്പ്പെടെയുള്ളവര് കായലിലേക്കും സമീപ ജലാശയങ്ങളിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും പുലര്‍ച്ചെ മുതല്‍ വാരിയെടുത്ത് സംസ്കരണത്തിനായി കൈമാറുന്നതാണ് പ്രദേശവാസിയായ ബിനു പുഞ്ചക്കരി ചെയ്യുന്നത്.
വെള്ളായണിക്കായല്‍ തീരത്ത് പുഞ്ചക്കരിയില്‍ ഇന്ന് രാവിലെ 7ന് നടക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന് വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍. സീമ, ബിനുവിന് ഫൈബര്‍ ബോട്ട് കൈമാറും. കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരന്‍ നായര്‍ അധ്യക്ഷത വഹിക്കും. പ്രദേശത്ത് പ്രഭാതസവാരിക്കെത്തുന്ന പുഞ്ചക്കരി വാക്കേഴ്സ്, സ്ഥലത്തെത്തുന്ന പക്ഷി നിരീക്ഷകര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ബിനു പാഴ്വസ്തുക്കള് കൊണ്ട് സ്വന്തമായുണ്ടാക്കിയ താല്‍ക്കാലിക വഞ്ചിയിലാണ് പുലര്‍ച്ചെ മുതല്‍ കായല്‍ ശുചീകരണത്തിനിറങ്ങുന്നത്. ഇതിനു പുറമെ ജോലി കഴിഞ്ഞുള്ള സമയവും ബിനു ഈ പ്രവര്‍ത്തിയിലേര്‍പ്പെടുക പതിവാണ്. ബിനുവിന്റെ നിസ്വാര്‍ത്ഥ സേവനത്തിന് സമ്മാനമായാണ് ഫൈബര്‍ നിര്‍മിത ബോട്ട് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: