കൊച്ചി: ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ ബാവായാകും. മലേക്കുരിശ് ദയറായിൽ പാത്രിയാർക്കിസ് ബാവയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കയായി ഉടൻ വാഴിക്കും. നിലവിൽ മലങ്കര മെത്രാപ്പൊലീത്തയാണ് ഗ്രിഗോറിയോസ്.
ശ്രേഷ്ഠ ബസിലിയോസ് തോമസ് കത്തോലിക്കാ ബാവയുടെ വിൽപത്രത്തിൽ തന്റെ പിൻഗാമിയായി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചിരുന്നു. അവയുടെ ഔദ്യോഗികമായ പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് പാത്രിയർകീസ് ബാവ എല്ലാ മെത്രാപ്പോലീത്തമാരെയും കാണുന്നുണ്ട്. ഇനി കാതോലിക്കയായി എന്ന് ജോസഫ് മോർ ഗ്രിഗോറിയോസിനെ എന്ന് വാഴിക്കുമെന്നതിന്റെ ഔദ്യോഗിക തിയ്യതിയാണ് അറിയേണ്ടത്.
സഭക്ക് ഏറെ വെല്ലുവിളികളുള്ള കാലത്താണ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണമെന്നും പാത്രിയാർക്കിസ് ബാവ പറഞ്ഞു. പള്ളിത്തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ വലിയ ചർച്ചയായിരിക്കുന്ന സമയത്ത് സമാധാന സന്ദേശമുയർത്തിപ്പിടിച്ചാണ് ജോസഫ് മാർ ഗ്രിഗോറിയോസ് കാതോലിക്ക സഭയുടെ നാഥനാകാനൊരുങ്ങുന്നത്.
യാക്കോബായ സഭയുടെ രണ്ടാമനാണ് ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. സഭാ തർക്കങ്ങളിൽ ശ്രദ്ധേയ നിലപാട് എടുത്തിട്ടുള്ളയാൾ കൂടിയാണ് ഇദ്ദേഹം.
മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ് – സാറാമ്മ ദമ്പതികളുടെ ഇളയ മകനായി മോർ ഗ്രിഗോറിയോസ് 1960 നവംബർ 10നാണ് ജനിച്ചത്. 1984 മാർച്ച് 25ന് വൈദികനായി. 1994 ജനുവരി 16 ന് മെത്രാഭിഷിക്തനായി. യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിൽ നിന്ന് ദൈവശാസ്ത്ര പഠനത്തിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2019ലാണ് സഭയുടെ മെത്രാപ്പോലിത്തൻ ട്രസ്റ്റിയായത്. നിരവധി ക്ഷേമ പദ്ധതികൾക്ക് തുടക്കമിട്ട അദ്ദേഹം സഭയിലെ പ്രശസ്തമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: