ന്യൂദൽഹി : തുറമുഖങ്ങളിൽ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുകയും സമുദ്രോത്പന്നങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നതിനാൽ സമുദ്രമേഖലയിൽ ഇന്ത്യ ഉടൻ തന്നെ ലോകനേതൃത്വത്തിലേക്ക് ഉയരുമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.
ചെന്നൈയിലെ കാമരാജർ പോർട്ട് ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാമരാജർ തുറമുഖത്ത് 545 കോടി രൂപ ചെലവിൽ ക്യാപിറ്റൽ ഡ്രെഡ്ജിംഗ്, ഇൻ്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ എന്നിവ സ്ഥാപിക്കുന്നതിനാണ് കേന്ദ്രമന്ത്രി സോനോവാൾ തറക്കല്ലിട്ടത്.
അതേ സമയം 2047ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച പത്ത് സമുദ്ര രാഷ്ട്രങ്ങളിൽ ഒന്നായി മാറുമെന്ന് സോനോവാൾ പറഞ്ഞു. ഭാവിയിലെ വിപുലീകരണ സാധ്യതകളോടെയും കാര്യക്ഷമമായ കൽക്കരി കൈകാര്യം ചെയ്യൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചെന്നൈ തുറമുഖത്തെ തിരക്ക് കുറയ്ക്കുന്നതിൽ ഈ തുറമുഖം ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
കൂടാതെ മൂന്ന് എംടിപിഎയുടെ ഐഒസിഎൽ ജെട്ടിയുടെ നിർമാണം അതിന്റെ ശേഷി ഇനിയും വർധിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൂടാതെ തുറമുഖത്ത് 32 കോടി രൂപ ചെലവിൽ എംഎൽഡി കടൽജല ശുദ്ധീകരണ പ്ലാൻ്റ് സ്ഥാപിക്കുന്നത് തുറമുഖത്തിന്റെ ആവശ്യങ്ങൾ മാത്രമല്ല മറിച്ച് തീരദേശവാസികളുടെ കുടിവെള്ളത്തിനും മറ്റ് ഗാർഹിക കാര്യങ്ങൾക്കുമുള്ള ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ഷിപ്പിംഗ് മന്ത്രാലയം ഏറ്റെടുത്ത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: