തിരുവനന്തപുരം: സിപിഎം ഏരിയാ സമ്മേളനത്തിനായി നടുറോഡില്‍ സ്റ്റേജ് കെട്ടിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. മരട് സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തിയത്.
പൊതുഗതാഗതം തടസപ്പെടുത്തുന്ന തരത്തില്‍ യോഗങ്ങള്‍ വിലക്കിയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഡിജിപിയും ഹര്‍ജിയില്‍ എതിര് കക്ഷികളാണ്.
വഞ്ചിയൂരിലെ തിരക്കേറിയ റോഡില്‍ ജില്ലാ കോടതിക്കും പൊലീസ് സ്റ്റേഷനും മുന്നിലാണ് പാളയം ഏരിയ സമ്മേളനത്തിനായി ഒരു ഭാഗത്തെ റോഡ് പൂര്‍ണമായും അടച്ച് സ്റ്റേജ് കെട്ടിയത്. ഇതോടെ വന്‍ ഗതാഗതക്കുരുക്കുണ്ടായി.മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട്് ചെയ്തതോടെ പൊലീസെത്തി ഗതാഗതം വഴി തിരിച്ചു വിട്ട് തത്കാലം പ്രശ്ന പരിഹാരമുണ്ടാക്കുകയായിരുന്നു.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഏരിയ സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. പൊതു സമ്മേളനത്തിന്റെ ഭാഗമായി ഗതാഗതം തടഞ്ഞ് പ്രകടനവും ഉണ്ടായിരുന്നു.സ്റ്റേജില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയെന്ന് നാടകവും ഉണ്ടായിരുന്നു.
വിവാദമായതോടെ കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: