തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2025 ലെ ഇയര്‍ബുക്കും 2024 ലെ വോട്ടര്‍പട്ടിക സംക്ഷിപ്ത പുതുക്കലിന്റെ അവലോകന റിപ്പോര്‍ട്ടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഗൈഡും രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന് ഗവര്‍ണര്‍ക്ക് കൈമാറി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപകദിനാഘോഷവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങില്‍ സെക്രട്ടറി പ്രകാശ് ബി.എസും കമ്മീഷനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. 1993 ഡിസംബര്‍ മൂന്നിനാണ് കമ്മീഷന് നിലവില്‍ വന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവുകള്‍, മുന്‍വര്‍ഷങ്ങളിലെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പുകളുടെ സ്ഥിതിവിവരകണക്കുകള്‍, നിലവിലെ തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ പട്ടിക, തദ്ദേശസ്ഥാപന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച കോടതി ഉത്തരവുകള്‍ തുടങ്ങിയ വിവരങ്ങളാണ് ഇയര്‍ബുക്കിലെ ഉള്ളടക്കം. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങി തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രയോജനപ്രദമാകുന്ന കൈപ്പുസ്തകമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസദ്ധീകരിച്ച തിരഞ്ഞെടുപ്പ് ഗൈഡ്.
ഇവയുടെ പൂര്‍ണ രൂപം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: