തൃശൂര്‍:ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഉത്തരവനുസരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറിമാര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും .
എന്നാല്‍ ഈ ഘട്ടത്തില്‍ സുപ്രീം കോടതിയെ അപ്പീല്‍ ഹര്‍ജിയുമായി സമീപിക്കില്ലെന്നും ദേവസ്വങ്ങള്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 5 ന് ഇരുദേവസ്വങ്ങളിലെയും ക്ഷേത്ര പ്രതിനിധികളുടെ യോഗം ചേരും. പള്ളികളുടെ പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് ബുദ്ധിമുട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്യും. പള്ളികളുടെ പെരുന്നാളുകള്‍ക്കും മറ്റ് മതാചാരങ്ങള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്നുണ്ട്. യോഗം കഴിഞ്ഞ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.
പകല്‍ സമയം എഴുന്നള്ളിപ്പ് പാടില്ലെന്ന കോടതി നിര്‍ദ്ദേശം നടപ്പാക്കിയാല്‍ ഉത്സവങ്ങള്‍ നടത്താനാവില്ല. സംസ്ഥാന സര്‍ക്കാരിന് മാത്രമേ പ്രായോഗികമായി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ . തൃശൂര്‍ ജില്ലയില്‍ മാത്രം 1600 ഉത്സവങ്ങള്‍ ഉണ്ട്. പല രീതിയില്‍ ഈ ഉത്സവങ്ങള്‍ പ്രതിസന്ധിയിലാണെന്നും. സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തും എന്നാണ് പ്രതീക്ഷയെന്നും തിരുവമ്പാടി പറമേക്കാവ് ദേവസ്വങ്ങള്‍ വേല ആഘോഷത്തിന് വെടിക്കെട്ട് അപേക്ഷ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും സെക്രട്ടറിമാര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: