ന്യൂദൽഹി : വരാനിരിക്കുന്ന ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ മുൻ എംപിയും ബിജെപി നേതാവുമായ പർവേഷ് വർമ മത്സരിക്കും. ന്യൂദൽഹി നിയോജക മണ്ഡലത്തിലാണ് പർവേഷ് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നതെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.
ന്യൂദൽഹി അസംബ്ലി മണ്ഡലത്തിൽ ബിജെപി സംഘടനയെ ശക്തിപ്പെടുത്താൻ വർമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്രിവാളിന് കടുത്ത പോരാട്ടം നൽകാൻ അദ്ദേഹം തയ്യാറാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പാർലമെൻ്റിന്റെ ശീതകാല സമ്മേളനത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷം പർവേഷ് വർമ വെസ്റ്റ് ദൽഹി ലോക്സഭാ മണ്ഡലത്തെ രണ്ട് തവണ പ്രതിനിധീകരിച്ചു. 2013ലെ ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മെഹ്റൗളിയിൽ നിന്ന് വിജയിക്കുകയും ചെയ്തു. പിതാവ് സാഹിബ് സിംഗ് വർമ 1996 മുതൽ 1998 വരെ ദൽഹി മുഖ്യമന്ത്രിയായിരുന്നു.
അതേ സമയം ദൽഹി നിയമസഭയുടെ അഞ്ച് വർഷത്തെ കാലാവധി 2025ൽ അവസാനിക്കുകയാണ്. ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റും എഎപി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: