ന്യൂദല്‍ഹി : സിഎംആര്‍എല്ലില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് വകുപ്പ് മന്ത്രി മൊഹമ്മദ് റിയാസിന്റെ മകളുമായ വീണ വിജയന് മാസപ്പടി വാങ്ങിയെന്ന കേസില്‍ കേന്ദ്രത്തിന് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി( എസ്എഫ്ഐഒ).
അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയിലാണ് ദല്‍ഹി ഹൈക്കോടതിയില്‍ എസ്എഫ്ഐഒ മറുപടി സത്യവാങ്മൂലം നല്‍കിയത്. സ്വതന്ത്ര അന്വേഷണമാണ് നടത്തുന്നത്. ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
വീണാ വിജയന് അടക്കം 20 പേരുടെ മൊഴി രേഖപ്പെടുത്തി. സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളണമെന്നും എസ്എഫ്ഐഒ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്ലിന്റെ ഹര്‍ജി.
ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്നും സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണോ എന്നതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്ന് എസ്എഫ്ഐഒ സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: