വിശാഖപട്ടണം : വിശാഖപട്ടണത്ത് ഓൺലൈൻ ഓർഡറിൽ ഡ്രൈ ഫ്രൂട്ട്സ് എന്ന വ്യാജേന കൊണ്ടുവന്ന 122 കിലോ കഞ്ചാവ് ആന്ധ്രാപ്രദേശ് പോലീസ് പിടികൂടി. ഒഡീഷയിലെ മച്ച്ഖണ്ഡിൽ നിന്ന് ദൽഹിയിലേക്ക് കടത്തുകയായിരുന്ന കഞ്ചാവ് ബിഹാറിൽ നിന്നുള്ള നാല് പേർ കൊറിയർ ഷിപ്പ്മെൻ്റായി ബുക്ക് ചെയ്തതായി പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ അറസ്റ്റ് ചെയ്തു. ഡ്രൈ ഫ്രൂട്ട്സ് ആയി ബുക്ക് ചെയ്ത സംശയാസ്പദമായ ഒരു പാഴ്സലിനെ കുറിച്ച് കൊറിയർ കമ്പനി തങ്ങളെ അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോൾ 122 കിലോഗ്രാം ഭാരമുള്ള 64 പൊതി കഞ്ചാവാണ് കണ്ടെത്താനായത്.
കൂടുതൽ നടത്തിയ അന്വേഷണത്തിൽ ബിഹാറിൽ നിന്നുള്ള നാല് പേർ കൊറിയറായി ഈ കഞ്ചാവ് ബുക്ക് ചെയ്തതായി കണ്ടെത്തിയെന്ന് വിശാഖപട്ടണം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അജിത പറഞ്ഞു.
അതേ സമയം അതിർത്തി ജില്ലയായ അല്ലൂരിൽ നിന്നാണ് കഞ്ചാവ് നഗരത്തിലേക്ക് കൂടുതൽ കടത്താൻ സാധ്യതയെന്ന് പോലീസ് പറഞ്ഞു. ഇതിനെ തുടർന്ന് വാഹന പരിശോധന വർധിപ്പിക്കാനും കൊറിയർ കമ്പനികളോട് സംശയാസ്പദമായ കയറ്റുമതി ഉണ്ടെങ്കിൽ ഉടൻ അറിയിക്കണമെന്നും ഡിസിപി അജിത പറഞ്ഞു.
കൂടാതെ നിയമവിരുദ്ധമായി മയക്കുമരുന്ന് കടത്തുന്നത് തടയാൻ റെയിൽവേ സ്റ്റേഷനുകൾക്കും ബസ് ടെർമിനലുകൾക്കും സമീപം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: