ഗുവഹാത്തി: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തെ ആസാം തോല്‍പ്പിച്ചു. 225 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി. 277 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 51 റണ്‍സിന് ഓള് ഔട്ടായി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹിമന്‍ശു സാരസ്വതിന്റെ പ്രകടനമാണ് അസമിന് അനായാസ വിജയം ഒരുക്കിയത്. ഒരാള്‍ മാത്രമാണ് കേരള ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്. രണ്ട് വിക്കറ്റിന് ഒന്‍പത് റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന്റെ പെട്ടെന്നുള്ള തകര്‍ച്ച അവിശ്വസനീയമായിരുന്നു. കൂടുതല്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കും മുന്‍പെ തന്നെ ഒരു റണ്ണെടുത്ത സൗരഭ് മടങ്ങി. ഇടയ്ക്ക് അഹമ്മദ് ഖാനും അഹമ്മദ് ഇമ്രാനും ചേര്‍ന്നുള്ള കൂട്ടുകെട്ട് നിലയുറപ്പിച്ചെന്ന് തോന്നിച്ചു. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ കേരളത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കമായി.
വെറും 22 റണ്‍സിനിടെയാണ് കേരളത്തിന്റെ അവസാന ഏഴ് വിക്കറ്റുകള്‍ വീണത്. 21 റണ്‍സെടുത്ത കാര്‍ത്തിക്കാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ഹിമന്‍ശു സാരസ്വതിന് പുറമെ ആയുഷ്മാന്‍ മലാകറും നിഷാന്ത് സിംഘാനിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കളിയുടെ ആദ്യ ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹിമന്‍ശു സാരസ്വത് രണ്ട് ഇന്നിങ്സുകളിലുമായി 77 റണ്‍സും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: