മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയവുമായി വമ്പന്‍ ടീമുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും. പോര്‍ച്ചുഗലില്‍ നിന്നുള്ള പുതിയ പരിശീലകന് റൂബന്‍ അമോറിമിന് കീഴില്‍ ഇറങ്ങിയ യുണൈറ്റഡ് എവര്‍ട്ടണിനെയാണ് തോല്‍പ്പിച്ചത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു വിജയം.
ഇംഗ്ലണ്ട് സ്ട്രൈക്കര്‍ മാര്‍ക്കസ് റാഷ്ഫോഡും ഡച്ച് സ്ട്രൈക്കര്‍ ജോഷ്വ സിര്‍ക്സീയും ആദ്യ പകുതിയില്‍ ഓരോ ഗോള്‍ വീതം നേടി. 31-ാം മിനിറ്റില്‍ റാഷ്ഫോഡും കൃത്യം പത്ത് മിനിറ്റ് ശേഷം സിര്‍ക്സീയും ആണ് ഗോള്‍ നേടിയത്.
രണ്ടാം പകുതി തുടങ്ങിയത് റാഷ്ഫോഡിന്റെ ഇരട്ടഗോളോടുകൂടിയായിരുന്നു. പിന്നീട് മത്സരത്തിന് 64 മിനിറ്റായപ്പോളാണ് സിര്‍ക്സീ ഇരട്ടഗോള്‍ തികച്ചത്. സ്വന്തം തട്ടകമായ സ്റ്റാംഫഡ് ബ്രിഡ്ജില്‍ കരുത്തരായ ആസ്റ്റണ്‍ വില്ലയെ ആണ് ചെല്‍സിയ തകര്‍ത്തത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം.
നിക്കോളാസ് ജാക്സണിന്റെ ഗോളോടുകൂടി ഏഴാം മിനിറ്റിലാണ് ചെല്‍സി സ്കോറിങ് തുടങ്ങിയത്. 36-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിലൂടെ ഗോള്‍ നട്ടം ഇരട്ടിയാക്കി. ആദ്യ പകുതിയില്‍ 2-0ന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി ക്വാട്ട പൂര്‍ത്തിയാക്കുകയായിരുന്നു. 83-ാം മിനിറ്റില്‍ കോള്‍ പാല്‍മര്‍ ആണ് ഗോള്‍ നേടിയത്. ജയത്തെ തുടര്‍ന്ന് 25 പോയിന്റ് നേടിയ ചെല്‍സി വീണ്ടും മൂന്നാം സ്ഥാനത്തേക്കെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: