ആലപ്പുഴ: ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തിൽ നിന്ന് പിന്മാറി സിപിഎം നേതാവ് ജി.സുധാകരൻ. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ എട്ട് മണിക്ക് ജി. സുധാകരന്റെ വീട്ടിൽ വച്ച് നടത്താനായിരുന്നു തിരുമാനം. എന്നാൽ അവസാന നിമിഷം സുധാകരൻ പിന്മാറുകയായിരുന്നു. വിവാദത്തിന് താത്പര്യമില്ലെന്ന് വീട്ടിലെത്തിയ ലീഗ് നേതാക്കളോട് അദേഹം പറഞ്ഞു.
എല്ലാ തയ്യാറെടുപ്പും നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റിന്റെ നേതൃത്വത്തിൽ നേതാക്കൾ ജി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. അപ്പോഴാണ് അദ്ദേഹം പിന്മാറുന്നുവെന്ന വിവരം പറഞ്ഞത്. പ്രചാരണ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാൻ ജി. സുധാകരൻ ആവശ്യപ്പട്ടതാണെന്നും അദേഹത്തിന്റെ സമയം നോക്കി മറ്റൊരു ദിവസം നടത്തുമെന്നും മുസ്ലീം ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.എ. നസീർ അറിയിച്ചു.
കഴിഞ്ഞ തവണ ജി. സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. കേവലം ഒരു സിപിഎം നേതാവ് മാത്രമല്ല അദേഹം. എംഎൽഎയും മന്ത്രിയായിരിക്കുമ്പോഴും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. നിലവിലെ സാഹചര്യത്തിൽ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. എം.എ. നസീർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം സിപിഎംഅമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചർച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. എന്നാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആർ.നാസറിൻറെ പ്രതികരണം. പാർട്ടി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവിൽ പാർട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: