തിരുവനന്തപുരം: സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് (കെ-സോട്ടോ) മൃതസഞ്ജീവനി ‘ജീവനേകാം ജീവനാകാം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാമൂഹിക മാധ്യമ പ്രചാരണ പരിപാടി ഡിസംബര്‍ ഒന്നിന് ആരംഭിക്കും.
‘ജീവനേകാം ജീവനാകാം’ എന്ന സന്ദേശം ഉള്‍പ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണു പരിപാടി ഉദ്ഘാടനം ചെയ്യുക. തുടര്‍ന്നു ആരോഗ്യമന്ത്രി അവയവദാന ബോധവത്ക്കരണ സന്ദേശം നല്‍കും. അവയവദാനവുമായി ബന്ധപ്പെട്ട് കെ-സോട്ടോ തയ്യാറാക്കിയ വീഡിയോയും പ്രകാശിപ്പിക്കും.
അവയവദാനത്തിന്റെ മഹത്വം സംബന്ധിച്ച സന്ദേശം എല്ലാവരിലേക്കും എത്തിക്കുക, ഈരംഗത്തു നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകളെ തുറന്നു കാണിക്കുക, സംശയങ്ങള്‍ ദൂരീകരിക്കുക, വിദഗ്ധരുടെ അഭിപ്രായങ്ങളും സന്ദേശങ്ങളും എല്ലാവരിലും എത്തിക്കുക, പൊതുജനങ്ങളെ അവയവദാനത്തിനു സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ 2025 മെയ് 31 വരെ ആറുമാസത്തെ സാമൂഹിക മാധ്യമ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെ-സോട്ടോ ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: