വേട്ടയ്യൻ സിനിമയിലെ ‘മനസിലായോ’ എന്ന ഗാനം എസ് പി ബി പാടിയാൽ നന്നായിരുന്നേനെ എന്ന് പലരും പറഞ്ഞത് കേട്ടെന്നും എന്നാല്‍ അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ആ പാട്ട് പാടില്ലെന്ന് ചിലപ്പോള്‍ പറഞ്ഞേനെയെന്നും ഗായകനും മകനുമായ എസ് പി ചരൺ. എ ഐ സഹായത്തോടെ ഈ പാട്ടിനുവേണ്ടി പുനഃസൃഷ്ടിച്ച മലേഷ്യ വാസുദേവന്റെ ശബ്ദം നന്നായിട്ടുണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഇമോഷന് ആ പാട്ടില്‍ ഇല്ലായിരുന്നെന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു. ടെലി വികടന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
‘എ ഐ ഉപയോഗിച്ച് പല മ്യൂസിക് ഡയറക്ടര്‍മാരും പഴയ പാട്ടുകാരുടെ ശബ്ദം ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ ഇറങ്ങിയ ‘മനസിലായോ’ എന്ന പാട്ട്. അത് എസ്പിബി സാറിന്റെ ശബ്ദത്തില്‍ പാടിയിരുന്നെങ്കില്‍ നന്നായേനെ എന്ന് പലരും പറയുന്നത് കേട്ടു. ആ പാട്ട് നല്ലതാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷേ അദ്ദേഹം ഇപ്പോള്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഈ പാട്ട് പാടാന്‍ പറ്റില്ല എന്ന് ചിലപ്പോള്‍ പറഞ്ഞേനെ
കാരണം, ഒരു പാട്ട് പാടണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. എന്നാല്‍ എ ഐ ഉപയോഗിക്കുമ്പോള്‍ ആ ചോയ്സ് ഇല്ലാതാകുന്നു. മലേഷ്യ വാസുദേവന്‍ സാറിന്റെ ശബ്ദം ഇനിയങ്ങോട്ട് എല്ലാ പാട്ടിലും ഉപയോഗിക്കാം. പക്ഷേ അദ്ദേഹം പാടുമ്പോള്‍ ഉണ്ടാകുന്ന ഇമോഷന് പുനഃസൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയില്ല. അച്ഛന്റെ ശബ്ദത്തിന്റെ കാര്യത്തിലും അതുതന്നെ. ആ ശബ്ദം നമുക്ക് ഉണ്ടാക്കിയെടുക്കാം. എന്നാല്‍ ഇമോഷന് റെപ്ലിക്കേറ്റ് ചെയ്യാന്‍ സാധിക്കില്ല’ ചരൺ പറഞ്ഞു. എത്ര കഴിവുള്ള മ്യൂസിക് ഡയറക്ടര്‍ വന്ന് അച്ഛന്റെ ശബ്ദം ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചാലും താൻ സമ്മതിക്കാത്തതിന്റെ കാരണം ഇതാണെന്നും ചരൺ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: