ഢാക്ക: ബംഗ്ലാദേശില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഹൈന്ദവ ആത്മീയ നേതാവും ഇസ്കോണ്‍ സംന്യാസിയുമായ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ ലോക വ്യാപക പ്രതിഷേധം. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായുള്ള അതിക്രമങ്ങളെയും ഇസ്കോണ്‍ സംന്യാസിയുടെ അറസ്റ്റിനെയും ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന് ശക്തമായി അപലപിച്ചു. ഇത്തരം പീഡനങ്ങള്‍ ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. യുകെ പാര്‍ലമെന്റിലാണ് അദ്ദേഹം വിഷയമുന്നയിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഹിന്ദുക്കളുടെ വീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരേ തീയിടുന്നതുള്‍പ്പെടെയുള്ള വലിയ ആക്രമണങ്ങളാണ് ബംഗ്ലാദേശില്‍ നടക്കുന്നത്. ഇസ്കോണ്‍ സംന്യാസിമാരിലൊരാളെ അറസ്റ്റ് ചെയ്തിരിക്കുന്നു. ബംഗ്ലാദേശില്‍ ഭരണം മാറിയെന്നു പറഞ്ഞാലും മതന്യൂനപക്ഷങ്ങള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല. ഇസ്കോണിനെ നിരോധിക്കാനുള്ള ശ്രമങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരേ നേരിട്ടുള്ള ആക്രമണമാണെന്നും ബ്ലാക്ക്മാന് പറയുന്നു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായുള്ള ആക്രമണത്തെയും ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെയും അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍ അപലപിച്ചു. രാജ്യത്തെ ‘തീവ്രവാദികള്‍’, ഹിന്ദുക്കള്ക്കളെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നതിനെതിരേ പ്രതികരിക്കാന്‍ അവര്‍ ലോകത്തോട് ആഹ്വാനം ചെയ്തു. മത സ്വാതന്ത്ര്യത്തെയും ലോകത്തിലെ എല്ലാ വിശ്വാസികളെയും സംരക്ഷിക്കണമെന്നും എക്സിലെ പോസ്റ്റില്‍ മേരി മില്‍ബെന്‍ ആവശ്യപ്പെട്ടു.
മതന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം നല്കുന്നതില് ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് പരാജയപ്പെട്ടെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യഭരണത്തിലെ (2017-21) അന്താരാഷ്ട്ര മത സ്വാതന്ത്ര്യ ഉപദേശകനായിരുന്ന ജോണി മൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശ്വസിക്കാനാകാത്തതും അത്ഭുതപ്പെടുത്തുന്നതുമാണ് യുനസിന്റെ നിലപാടെന്നും ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റു മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരേയുള്ള പ്രാകൃത അക്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുഎസിലെ ഭാരത അമേരിക്കന്‍ സംഘടനകള്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കു നേരേയുള്ള അക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കത്തെഴുതി. ഫൗണ്ടേഷന് ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യ ഡയസ്പോറ സ്റ്റഡീസ് (എഫ്ഐഐഡിഎസ്) ആണ് കത്തുകളയച്ചത്.
ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ക്ഷേത്രങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ ഇരുനൂറിലേറെ അക്രമങ്ങളാണ് നടന്നത്. ഇതു സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എഫ്ഐഐഡിഎസ് പ്രസിഡന്റ് ഖണ്ഡാരോ കന്‍ഡ് ഇരുനേതാക്കളോടും ആവശ്യപ്പെട്ടു. ബംഗ്ലാദേശില്‍ അരങ്ങേറുന്ന അക്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: