കൊച്ചി: പാലക്കാട്ട് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസനെ വധിച്ച കേസില്‍ പ്രതികളായ ഏഴു പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. പട്ടാമ്പി സ്വദേശികളായ ഹനീഫ, കാജാ ഹുസൈന്, മുഹമ്മദ് ഹക്കിം, കല്പാത്തി സ്വദേശി അബ്ബാസ്, യാക്കര സ്വദേശി നൗഷാദ്, കല്ലേക്കാട് സ്വദേശി ബഷീര്‍, വിളയൂര്‍ സ്വദേശി അമീര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പിഎഫ്ഐക്കെതിരേ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത എന്‍ഐഎ ശ്രീനിവാസന് വധക്കേസ് ഏറ്റെടുക്കുകയായിരുന്നു.
രണ്ടു കേസിലുമായി 71 പ്രതികളെ അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലിലാണ്. പ്രതികള്‍ക്കെതിരേ സാക്ഷി മൊഴികളും, രേഖകളും, ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും, അതിനാല്‍ ജാമ്യം നല്‍കരുതെന്നുമുള്ള എന്‍ഐഎ വാദം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം തള്ളിയത്. പ്രതികള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ഇവര്‍ക്കെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവര്‍ നിരീക്ഷിച്ചു. എന്‍ഐഎയ്ക്കു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശാസ്തമംഗലം അജിത് കുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. ശ്രീനാഥ് എന്നിവര്‍ ഹാജരായി.
ഈ കേസില്‍ നേരത്തെ 17 പ്രതികള്‍ക്ക് ജാമ്യമനുവദിച്ചതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഒരു പൊതുവിധിയിലൂടെ ജാമ്യം അനുവദിക്കുമ്പോള്‍ ഓരോ പ്രതിയുടെയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നെന്നു കോടതി വ്യക്തമാക്കി.
ഒന്‍പതു പേര് ഒഴികെ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് എ.എസ്. ഓക്ക, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ജാമ്യം ലഭിക്കാത്ത പ്രതികളും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ ഡിസംബര്‍ 13നു പരിഗണിക്കും.
ജാമ്യം നല്‍കിയതിനെതിരേ എന്‍ഐഎ നല്കിയ 17 ഹര്‍ജികളില്‍ ആറു ഹര്‍ജികള്‍ എന്തുകൊണ്ടാണ് ഇന്നലെ പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യാത്തതെന്നു കോടതി രജിസ്ട്രിയോട് ആരാഞ്ഞു. ഈ ഹര്‍ജികള്‍ ഡിസംബര്‍ 16നു പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. എന്‍ഐഎയ്ക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജാ താക്കറെ ഹാജരായി.
ശ്രീനിവാസനെ 2022 ഏപ്രില്‍ 16നാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ പ്രതികള്‍ പാലക്കാട് മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതികളായ 26 പോപ്പുലര്‍ ഫ്രണ്ടുകാരില്‍ 17 പേര്‍ക്കും ഹൈക്കോടതി ജാമ്യം നല്കി. ഈ ഉത്തരവ് അടിസ്ഥാനത്തില്‍, 2024 സപ്തംബറില്‍ ഇതേ കൊലപാതകക്കേസിലെ മറ്റൊരു പ്രതിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: