ന്യൂഡല്‍ഹി : ഓര്‍ത്തഡോക്സ്, യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിനു സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിക്കാന്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലങ്കരസഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ 1934ലെ ഭരണഘടന അനുസരിച്ചുവേണം ഭരണ നിര്‍വഹണം നടത്തേണ്ടതെന്ന 2017ലെ വിധിയും തുടര്‍ന്നുള്ള കോടതി ഉത്തരവുകളും പാലിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ക്രമങ്ങളാണ് വിശദീകരിക്കേണ്ടത്. എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് കോടതി അലക്ഷ്യത്തില്‍ 29 ന് ഹൈക്കോടതില്‍ ഹാജരാകുന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി വേണു , ഡിജിപി ദര്‍വേഷ് സാഹിബ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി ഇളവു നല്കി. കക്ഷികള്‍ ആവശ്യപ്പെട്ട പ്രകാരം ഹര്‍ജി ഡിസംബര്‍ മൂന്നിന് പരിഗണിക്കാനായി മാറ്റുകയും ചെയ്തു. കോടതി അലക്ഷ്യ വിഷയം മാത്രമാണ് പരിഗണനയിലുള്ളതെന്നും മറ്റു വിഷയങ്ങളിലേക്ക് കടക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: