മാഞ്ചസ്റ്റര്‍: നെതര്‍ലന്‍ഡ്സിന് പുറത്തേക്ക് വലിയ പ്രാഗല്‍ഭ്യമൊന്നുമില്ലാത്ത ഫെയ്നൂര്‍ഡ് എഫ്സിയോട് പോലും ജയിക്കാനാകാതെ മാഞ്ചസ്റ്റര്‍ സിറ്റി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്നലെ ഇറങ്ങിയ ഇല്‍ക്കായ് ഗുണ്ടോഗനും സംഘവും തോല്‍വിക്ക് തുല്യമായ സമനിലയാണ് വഴങ്ങിയത്. ടീമിന്റെ തുടര്‍ച്ചയായ ദുര്‍വിധി സ്വന്തം തട്ടകത്തിലാണെന്നത് ആരാധകരെ കൂടുതല്‍ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു.
മത്സരത്തിന്റെ 75-ാം മിനിറ്റ് വരെ എതിരില്ലാത്ത മൂന്ന് ഗോളിന് സിറ്റി ഫെയ്നൂര്‍ഡിനോട് മുന്നിട്ടു നിന്നിരുന്നു. പിന്നീടാണ് എതിരാളികള്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് മത്സരം സമനിലയിലാക്കിയത്. സിറ്റി ജയിക്കാതെ തീര്‍ക്കുന്ന തുടര്‍ച്ചയായ ആറാം മത്സരമാണിത്. ഇതിന് മുമ്പത്തെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ സ്പോര്‍ട്ടിങ്ങിനോട് ടീം 4-1ന്റെ കനത്ത തോല്‍വി വഴങ്ങിയിരുന്നു. ഏറ്റവും ഒടുവില്‍ ടീം വിജയം കണ്ടിട്ട് ഒരുമാസത്തിലേറെയായി.
കഴിഞ്ഞ മാസം 26ന് നടന്ന പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ സൗതാംപ്ടണിനെതിരെ 1-0ന്റെ നേരീയ വിജയം നേടിയതാണ്. പിന്നീട് ഇതുവരെ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ തോറ്റു. ഇക്കാലയളവില്‍ കരബാവോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ടോട്ടനത്തിനോട് 2-1ന് പരാജയപ്പെട്ട് പുറത്തായി. അതിന് പിന്നാലെ പ്രീമിയര്‍ ലീഗില്‍ ബോണ്‍മൗത്തിനോട് ഇതേ മാര്‍ജിനില്‍ തോറ്റ ടീം തൊട്ടടുത്ത ആഴ്ച്ച ബ്രൈറ്റണിനോടും സമാന തോല്‍വി വഴങ്ങി. ഇതിനിടെയായിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ പോര്‍ചുഗല്‍ ടീം സ്പോര്‍ട്ടിങ്ങിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയത്. കരബാവോ കപ്പിലെ പുറത്താകലിന് ശേഷം ടോട്ടനവുമായി മുഖാമുഖം കണ്ട മത്സരമായിരുന്നു കഴിഞ്ഞ ശനിയാഴ്ച സ്വന്തം തട്ടകത്ത് നടന്ന പ്രീമിയര്‍ ലീഗ് പോര്. ആരാധകരെ കടുത്ത നിരാശയിലാഴ്ത്തി എതിരില്ലാത്ത നാല് ഗോളിനാണ് വമ്പന്മാര് കീഴടങ്ങിയത്.
അതേ വേദിയില്‍, ഇത്തിഹാദ് സ്റ്റേഡിയത്തിലെ ആരാധകരെ എന്തുവില കൊടുത്തും തൃപ്തിപ്പെടുത്തും എന്ന നിശ്ചയത്തോടെയാണ് ഇന്നലെ ചാമ്പ്യന്‍സ് ലീഗില്‍ സിറ്റി താരങ്ങള്‍ ഇറങ്ങിയത്. മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഫെയ്നൂര്‍ഡ് തീര്‍ത്ത പ്രതിരോധ വേലിക്കെട്ട് തകര്‍ക്കാന്‍ ടീമിന് സാധിച്ചില്ല. ഇടയ്ക്ക് ചില മാരക ഷോട്ടുകളുമായി ഫെയ്നൂര്‍ഡ് ഗോളിയെ പരീക്ഷിക്കുന്നതും കണ്ടു. ഒടുവില്‍ വാര് അപ്പിലിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് 43-ാം മിനിറ്റില്‍ സിറ്റിയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതി തുടങ്ങിയത് സിറ്റിയുടെ തകര്‍പ്പന്‍ പ്രകടനത്തോടെയായിരുന്നു. ഇടതടവില്ലാത്ത മുന്നേറ്റത്തിനൊടുവില്‍ 50-ാം മിനിറ്റില്‍ തന്നെ ലീഡ് ഉയര്‍ത്തി. പ്രതിരോധ കോട്ട പിളര്‍ത്തി നായകന് ഗുണ്ടോഗന് ആണ് സ്കോര്‍ ചെയ്തത്. മൂന്ന് മിനിറ്റിനകം അതിശക്തമായൊരു മുന്നേറ്റത്തില്‍ ഹാളണ്ട് ഇരട്ടഗോള്‍ തികച്ചു. സിറ്റി 3-0ന് മുന്നില്‍ കടന്നു. പെപ്പ് ഗ്വാര്‍ഡിയോള സൈഡ് ബെഞ്ചില്‍ ഇരുന്ന് ആഹ്ലാദ ചിരി വിടര്‍ത്തി. സിറ്റി തിരിച്ചുവരവിന്റെ പാതയിലായെന്ന് ആരാധകരും ആശ്വസിച്ചു.
പക്ഷെ പ്രതിരോധത്തിലെ ഒത്തണക്കമില്ലായ്മ സിറ്റിയെ ചതിച്ചു. ജോസ്കോ ഗ്വാര്‍ഡിയോള്‍ അടക്കമുള്ള താരങ്ങളെ നിഷ്പ്രഭരാക്കി 75-ാം മിനിറ്റില്‍ ഫെയ്നൂര്‍ഡ് ആദ്യ ഗോള്‍ നേടിയപ്പോള്‍ ഏവരും വെറുമൊരു ആശ്വാസഗോളായി മാത്രം കരുതി. പക്ഷെ സിറ്റി പ്രതിരോധം വല്ലാതെ ദുര്‍ബലമെന്ന് ഫെയ്നൂര്‍ഡ് താരങ്ങള്‍ക്ക് മനസ്സിലാക്കാന്‍ വലിയ പ്രയാസമുണ്ടായില്ല. ലോകത്തെ ത്രസിപ്പിച്ചിരുത്താന്‍ പോന്ന പെപ്പ് ഗ്വാര്‍ഡിയോളയുടെ സ്റ്റൈലിഷ് ഫുട്ബോളിന്റെ പ്രതിരോധ വേലി അനായാസം കീറിയെറിയാമെന്ന് ഫെയ്നൂര്‍ഡ് താരങ്ങള്‍ രണ്ട് ഗോളുകള്‍ നേടി തെളിയിച്ചുകൊടുത്തു.
82-ാം മിനിറ്റില്‍ സാന്റിയാഗോ ജിമെനെസിന്റെ വക രണ്ടാം ഗോള്‍. 89-ാം മിനിറ്റില്‍ ഡേവിഡ് ഹാന്ക്കോ ഗോള്‍ നേടി സമനില പിടിച്ചപ്പോള്‍ ഫെയ്നൂര്‍ഡ് ടീമംഗങ്ങള്‍ കിരീടം നേടിയവരെ പോലെ ആര്‍പ്പുവിളിച്ച് ആഘോഷിച്ചു. സ്വന്തം എത്തിഹാദില്‍ നിന്നും ഒരിക്കല്‍ കൂടി പെപ്പ് ഗ്വാര്‍ഡിയോളയുടെ സംഘത്തിന് നെടുവീര്‍പ്പടക്കി ഇറങ്ങിപ്പോകേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: