കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി നോട്ടീസ് അയച്ചു. അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണം. വിശദവാദം അടുത്തമാസം ഒമ്പതിന് നടക്കും.
പ്രതി രാഷ്ട്രീയ സ്വാധീനമുള്ളയാളാണ്. സിപിഎമ്മിന്റെ സജീവ പ്രവർത്തകയാണ്. കുറ്റപത്രത്തിൽ വരുന്നത് കെട്ടിച്ചമച്ച തെളിവുകളാകും. അതിനാൽ ഹർജിയിൽ തീരുമാനം ആകുന്നതുവരെ കുറ്റപത്രം നൽകരുതെന്നും നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ അറിയിച്ചു. നിലവിലെ പ്രത്യേക അന്വേഷണ സംഘം പേരിനു മാത്രമാണ്. ആയതിനാൽ സിബിഐ അന്വേഷണമോ ക്രൈംബ്രാഞ്ച് അന്വേഷണമോ വേണമെന്നും മഞ്ജൂഷ വ്യക്തമാക്കി.
ഭർത്താവിന്റെ മരണം ആത്മഹത്യ ആണോയെന്ന് സംശയമുണ്ട്. കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ പ്രോട്ടോകോളുകൾ ലംഘിച്ച് തിടുക്കത്തിലായിരുന്നു അന്വേഷണം. ബന്ധുക്കൾ സംഭവ സ്ഥലത്ത് എത്തും മുമ്പ് ഇൻ ക്വസ്റ്റ് പൂർത്തിയാക്കിയെന്നും ഹർജിയിൽ മഞ്ജുഷ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: