തൃശൂര്‍: ലോ കോളജില്‍ എസ്എഫ്ഐ ,കെഎസ്യു സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു.ഇരു ഭാഗത്തെയും ആറ് വീതം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കോളേജില്‍ സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ തകര്‍ത്തുവെന്ന് കെഎസ് യു ആരോപിച്ചു. എന്നാല്‍ കെഎസ്യു ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു എസ്എഫ്ഐ- കെഎസ്യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കെഎസ്യുവിന്റെ കൊടിമരം എസ്എഫ്ഐ നശിപ്പിച്ചുവെന്നും അതില്‍ പ്രിന്‍സിപ്പാളിനും പൊലീസിനും പരാതി നല്കിയ പ്രകോപനത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് കെഎസ്യുവിന്റെ ആരോപണം. ഫ്രഷേഴ്സ് ഡേയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
പരിക്കേറ്റ ആറ് കെഎസ് യു പ്രവര്‍ത്തകര്‍ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.
പട്ടികയും ഇഷ്ടികയും ഉപയോഗിച്ച് കെഎസ്യുക്കാര് എസ് എഫ് ഐ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എസ്എഫ്ഐയും പുറത്തുവിട്ടു. സംഭവത്തില്‍ ഇരുവിഭാഗവും പൊലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: