ന്യൂദൽഹി : കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ച് ലക്ഷം ജീവനക്കാരെ റിക്രൂട്ട് ചെയ്തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് മുൻ ദശകത്തേക്കാൾ കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നാഗ്പൂരിലെ അജനി റെയിൽവേ ഗ്രൗണ്ടിൽ നടന്ന ഓൾ ഇന്ത്യ എസ്സി, എസ്ടി റെയിൽവേ എംപ്ലോയീസ് അസോസിയേഷന്റെ ദേശീയ കൺവെൻഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2004 നും 2014 നും ഇടയിൽ റിക്രൂട്ട്മെൻ്റ് കണക്ക് 4.4 ലക്ഷമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ 2014 നു ശേഷം അഞ്ച് ലക്ഷത്തിലധികം ജീവനക്കാരെ നിയമിച്ചു. കൂടാതെ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യമായി വാർഷിക റിക്രൂട്ട്മെൻ്റ് കലണ്ടർ അവതരിപ്പിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു.
ഇതിനു പുറമെ 12,000 ജനറൽ കോച്ചുകൾ നിലവിൽ നിർമ്മാണത്തിലാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ അസോസിയേഷന്റെ ശ്രമങ്ങളെ അനുസ്മരിക്കുന്ന ഫലകം വൈഷ്ണവ് അനാച്ഛാദനം ചെയ്യുകയും നേരത്തെ ദീക്ഷഭൂമിയിലെ സെൻട്രൽ സ്മാരകത്തിൽ ഡോ ബി ആർ അംബേദ്കറിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. രണ്ട് ദിവസത്തെ കൺവൻഷൻ ഭരണഘടനാ ദിനമായ ഇന്ന് സമാപിക്കും.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് ബി എൽ ഭൈരവ, സെൻട്രൽ റെയിൽവേ ജനറൽ മാനേജർ ധരംവീർ മീണ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ നീനു എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: